| Saturday, 5th June 2021, 12:27 pm

ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന ക്രെഡിറ്റുണ്ടാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം; ഇതൊരുതരം ചിത്തഭ്രമം ആണെന്ന് അമര്‍ത്യാസെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്‍. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു ക്രെഡിറ്റ് ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിച്ചതെന്നും മഹാമാരിയെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊവിഡ് ഇത്രയധികം രൂക്ഷമാകാന്‍ കാരണം സ്‌കീസോഫ്രീനിയ(ചിത്തഭ്രമം) ബാധിച്ച മോദി സര്‍ക്കാരാണെന്നും അമര്‍ത്യാസെന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്ര സേവ ദള്‍ മീറ്റിംഗിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് വളരെ മികച്ച രീതിയില്‍ പ്രതിരോധസംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആശങ്കകളും നിരുത്തരവാദപരമായ പെരുമാറ്റവും സ്ഥിതി വഷളാക്കിയെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.

‘മഹാമാരി പടരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കുന്നതിന് പകരം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെപ്പറ്റി ക്രഡിറ്റുണ്ടാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന് സ്‌കീസോഫ്രീനിയ(ചിത്തഭ്രമം) ബാധിച്ചതിന്റെ ഫലമാണിത്,’ അമര്‍ത്യാസെന്‍ പറഞ്ഞു.

ക്രെഡിറ്റ് തേടിപ്പോകുന്നത് നല്ലതല്ലെന്നും ഇന്ത്യയിലെ സര്‍ക്കാര്‍ അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.
ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന ക്രെഡിറ്റുണ്ടാക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ സ്വന്തം രാജ്യത്ത് പടരുന്ന മഹാമാരിയെ നിയന്ത്രിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് തൊഴിലില്ലായ്മ, സാമൂഹ്യ അസമത്വങ്ങള്‍, വളര്‍ച്ചാ നിരക്കിലെ ഇടിവ്, എന്നിവ റെക്കോര്‍ഡ് ഉയരങ്ങളിലാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സാമ്പത്തികവും സാമൂഹ്യവുമായ നയങ്ങളിലും കാര്യമായ മാറ്റം ഉണ്ടാവണമെന്നും അമര്‍ത്യസെന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Amartya Zen Slams Union Government

We use cookies to give you the best possible experience. Learn more