| Saturday, 25th May 2019, 2:35 pm

മോദിയുടെ വിജയം അധികാരത്തില്‍ മാത്രം, ആശയപോരാട്ടത്തിലല്ല

അമര്‍ത്യ സെന്‍

ഹിന്ദു ദേശീയവാദികള്‍ വിജയിച്ചുകഴിഞ്ഞു. അതെന്താണ് ഇന്ത്യയെക്കുറിച്ച് പറയുന്നത് ? നൊബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തികവിദഗ്ധനുമായ അമര്‍ത്യാസെന്‍ ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

543 പാര്‍ലമെന്ററി സീറ്റുകളില്‍ മുന്നൂറിലധികം സീറ്റ് നേടിയാണു രാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പില്‍ തന്റെ ഹിന്ദു ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയെ വിജയത്തിലേക്കു നയിക്കാനും അഞ്ചുവര്‍ഷം കൂടി രാജ്യം ഭരിക്കാനുള്ള അധികാരം നേടാനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കായത്. ഇതൊരു മികച്ച നേട്ടമായി കരുതാനാകുമോ? അങ്ങനെയാണെങ്കില്‍ എങ്ങനെയാണു മോദി ഈ നേട്ടം കൈവരിച്ചത്? എന്തുകൊണ്ടാണ് ഏറ്റവും പ്രാചീന ദേശീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 52 സീറ്റിലേക്കു ചുരുങ്ങിയത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനു മുന്‍പ്, ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും വ്യവഹാരമണ്ഡലത്തില്‍ നിന്നു വിശദീകരണം നല്‍കാന്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, ഇന്ത്യയിലെ ഹിന്ദുസ്വത്വത്തിന്റെ സ്വാധീനം കണക്കിലെടുത്തുകൊണ്ട്.

ഇന്ത്യ ഒരുപാട് മാറിക്കഴിഞ്ഞിരിക്കുന്നു. ഇനി വൈവിധ്യങ്ങളുള്ള, മതതേതര പ്രത്യയശാസ്ത്രമുള്ള, മോഹന്‍ദാസ് ഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബുള്‍ കലാം ആസാദ് തുടങ്ങിയ ഇന്ത്യയിലെ എക്കാലത്തെയും മഹാന്മാരായ നേതാക്കള്‍ ഭാഗമായിരുന്ന ആ പ്രാചീന കോണ്‍ഗ്രസ് പാര്‍ട്ടി ദൂരവ്യാപകമായി ഫലപ്രദമായ ഒരു തെരഞ്ഞെടുപ്പായിരിക്കില്ല. യാഥാര്‍ഥ്യമെന്ന ഘടകത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ ചിന്ത.

പക്ഷേ ആശയങ്ങള്‍ ഒറ്റയ്ക്കുണ്ടാകുന്നതല്ല. നമ്മുടെ ആശയങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ലേ? ഇത്തരത്തിലുള്ള അന്വേഷണം ഈയവസരത്തില്‍ വളരെ വൈകിപ്പോയി. അതുകൊണ്ടുതന്നെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നതിനേക്കാള്‍ അണികള്‍ ഇന്ന് ബി.ജെ.പിക്കുണ്ടായത് എങ്ങനെയെന്ന ചോദ്യം ഇപ്പോള്‍ നമ്മള്‍ ഒഴിവാക്കിയേ മതിയാകൂ.

നമുക്ക് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും, മോദി കഴിവുള്ള, സ്വാധീനശക്തിയുള്ള ഒരു നേതാവാണെന്ന്. അതിന്റെ വിശദീകരണം ചോദിക്കുമ്പോള്‍ മോദിയെന്ന വ്യക്തിയെക്കുറിച്ചും പാര്‍ട്ടിയുടെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയെക്കുറിച്ചും പരിശോധിക്കേണ്ടതുണ്ട്.

മുസ്ലിങ്ങള്‍ അടക്കമുള്ളവരെ, വ്യത്യസ്ത വംശങ്ങളിലുള്ളവരെ, ഇടതുപക്ഷ, പുരോഗമന, ബുദ്ധിജീവി വിഭാഗങ്ങളില്‍പ്പെടുന്ന ആളുകളെ, ഇവരെയെല്ലാം തന്റെ വെറുപ്പും വിദ്വേഷവും നിറഞ്ഞ പ്രസംഗങ്ങള്‍ കൊണ്ട് ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹം ഒരു ഉജ്ജ്വല പ്രാസംഗികനാണ്. അടല്‍ ബിഹാരി വാജ്‌പേയിയെപ്പോലെ ആക്രമണകാരിയല്ലാത്ത മുന്‍ ബി.ജെ.പി നേതാക്കള്‍ക്ക് മോദിയോടു മത്സരിക്കാനാകില്ല.

മോദി തന്റെ ഈ വ്യക്തിപ്രഭാവം തെരഞ്ഞെടുപ്പുരംഗത്ത് ഉപയോഗിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പാര്‍ട്ടികളേക്കാള്‍ അധികം പണം അദ്ദേഹം തെരഞ്ഞെടുപ്പിനു ചെലവാക്കി. അതാണ് മാധ്യമരംഗത്തെ അസമത്വത്തിനു കാരണവും. മുന്‍പ് കോണ്‍ഗ്രസിനു നല്‍കിയ സംപ്രേഷണാവകാശത്തിന്റെ ഇരട്ടിയായിരുന്നു പൊതുമേഖലാ ദൃശ്യമാധ്യമമായ ദൂരദര്‍ശന്‍ ഭരണകക്ഷിയായ ബി.ജെ.പിക്കു നല്‍കിയത്.

രാജ്യത്തു ദേശീയത തിരയടിച്ചത് പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഭീകരസംഘടന ഫെബ്രുവരിമാസം കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയായി പാകിസ്താനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോഴായിരുന്നു. അതും ബി.ജെ.പിയെ സഹായിച്ചു. തന്റെ പ്രസംഗവിദ്യയിലൂടെ മോദിയുണ്ടാക്കിത്തീര്‍ത്ത ഭീതിജനകമായ അന്തരീക്ഷം പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്നതാണു യാഥാര്‍ഥ്യം.

ഇവിടെ മോദിയുടെ വളര്‍ച്ചയിലുള്ള ഒരു മാറ്റം നമുക്കു കാണാം. അഞ്ചുവര്‍ഷം മുന്‍പ്, 2014-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പ്രചാരണം മുഴുവന്‍ അഴിമതിയും ചുവപ്പുനാടയുമില്ലാതെ ഭംഗിയായി നടക്കുന്ന ഒരു വാണിജ്യ സമ്പദ് വ്യവസ്ഥയെക്കുറിച്ചായിരുന്നു.

എല്ലാവര്‍ക്കും തൊഴിലവസരങ്ങള്‍, അതിവേഗത്തില്‍ വികസിക്കുന്ന സമ്പദ് വ്യവസ്ഥ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും സ്‌കൂളുകളുടെയും ലഭ്യത തുടങ്ങിയ വാഗ്ദാനങ്ങള്‍ അതില്‍ നിറഞ്ഞുനിന്നു. എന്നാല്‍ അടുത്തിടെ നടന്ന പ്രചാരണത്തിലൊന്നും താന്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചു മോദി ആത്മപ്രശംസ നടത്തിയില്ല. കാരണം, എന്താണോ അദ്ദേഹം വാഗ്ദാനം ചെയ്തത്, അതിന്റെ വളരെച്ചെറിയ ഭാഗം മാത്രമാണു നടപ്പാക്കിയത് എന്നതിനാലായിരുന്നു അത്.

കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലേക്ക് ഇപ്പോള്‍ രാജ്യമെത്തി. സമ്പദ് വ്യവസ്ഥ അടിപതറുകയും അതിന്റെ പ്രതിഫലനങ്ങളുണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആരോഗ്യ സംവിധാനം അവഗണിക്കപ്പെടുന്നു. അഴിമതിയുടെയും ചുവപ്പുനാടയുടെയും കാര്യത്തില്‍ അതിശയിപ്പിക്കുന്ന കുറവുകളൊന്നുമുണ്ടായിട്ടുമില്ല.

ഇതിനൊക്കെ പകരം മോദി ലക്ഷ്യംവെച്ചത് ജനങ്ങളുടെ ഭയത്തെയാണ്. ഭീകരവാദത്തോടുള്ള ഭയം, പാകിസ്താന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളോടുള്ള ഭയം, ഇന്ത്യക്കുള്ളില്‍ത്തന്നെയുള്ള വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ പ്രവൃത്തികളോടുള്ള ഭയം എന്നിവയിലെല്ലാം മോദി ശ്രദ്ധ കേന്ദ്രീകരിച്ചു.

1982-ലെ ഫാല്‍ക്ക് ലാന്‍ഡ് യുദ്ധം എങ്ങനെയാണോ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന് പിന്തുണ നല്‍കിയത്, അവര്‍ക്കു ജനപ്രീതി നേടിക്കൊടുത്തത്, അതുപോലെയായിരുന്നു ഫെബ്രുവരിയില്‍ പാകിസ്താനുമായുണ്ടായ സംഘര്‍ഷം മോദിക്കു തെരഞ്ഞെടുപ്പില്‍ നല്‍കിയതും.

എന്താണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നതു സംബന്ധിച്ച കഥ പൂരിപ്പിക്കാന്‍ ഈ ഘടകങ്ങള്‍ മതിയാകും. കോണ്‍ഗ്രസുമായുള്ള ആശയപരമായ തര്‍ക്കത്തിനൊടുവിലാണ് ബി.ജെ.പി ജയിച്ചതെന്നു പലരും പറയുമായിരിക്കും. പക്ഷേ ഹിന്ദു ദേശീയത എന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേക വിജയമോ, ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ടാഗോറിന്റെയുമൊക്കെ ഐക്യമെന്ന ആശയത്തിന്റെ പ്രത്യേക പരാജയമോ അല്ല അത്.

എന്താണു യാഥാര്‍ഥ്യമെന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബി.ജെ.പിയുടെ ഭരണകാലയളവില്‍ ഇന്ത്യ കൂടുതല്‍ മതപരമായി വിഭജിച്ചു. ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിങ്ങളുടെ ജീവിതത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെട്ടു. പക്ഷേ അധികാരത്തിന്റെ കാര്യമെടുത്താല്‍ ഹിന്ദു ദേശീയത എന്തൊക്കെയോ വിജയിച്ചുകഴിഞ്ഞു. പക്ഷേ ആശയപോരാട്ടത്തില്‍ അതുണ്ടായിട്ടില്ല.

അടുത്തിടെ ബി.ജെ.പി നേതാവായ പ്രജ്ഞാ സിങ് താക്കൂര്‍ മോഹന്‍ദാസ് ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ വിളിച്ചത് ദേശസ്‌നേഹിയെന്നാണ്. അത് ബി.ജെ.പിയെ കുഴപ്പത്തിലാക്കുകയും പ്രജ്ഞയ്ക്ക് അതില്‍ മാപ്പ് ചോദിക്കേണ്ടിവരികയും ചെയ്തു.

പക്ഷേ അവര്‍ മധ്യപ്രദേശിലെ ഒരു സീറ്റില്‍ മത്സരിക്കുകയും പ്രചാരണം നടത്തുകയും വിജയിക്കുകയും ചെയ്തു. ഇനി പാര്‍ലമെന്റിലെ ഒരു സാമാജികയാണവര്‍. ഇത് അധികാരത്തിന്റെ കാര്യത്തില്‍ മാത്രമുള്ള വിജയമാണ്, ആശയപോരാട്ടത്തിലല്ല.

പക്ഷേ ഈ വലിയ പോരാട്ടത്തില്‍ പ്രതിപക്ഷത്തു നിന്നുപോലും ഒരു പ്രവര്‍ത്തനതീവ്രതയുണ്ടായില്ലെന്ന കാര്യത്തില്‍ ഖേദിക്കേണ്ടതുണ്ട്. അവിടെ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഈ രണ്ടുതരം പോരാട്ടങ്ങളും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന കാര്യമാണ് ആദ്യത്തേത്.

പരിഭാഷ: ഹരിമോഹന്‍

അമര്‍ത്യ സെന്‍

We use cookies to give you the best possible experience. Learn more