ഇന്ത്യ മതേതര രാഷ്ട്രമാണ്; ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു: അമര്‍ത്യ സെന്‍
national news
ഇന്ത്യ മതേതര രാഷ്ട്രമാണ്; ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു: അമര്‍ത്യ സെന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th June 2024, 9:24 am

ന്യൂദല്‍ഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ ജേതാവുമായ അമര്‍ത്യ സെന്‍. ഒരു മതേതര ഭരണഘടനയുള്ള രാജ്യമായിരിക്കവേ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു തുറന്ന മനസുണ്ടാകണമെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് പരാമര്‍ശം.

Also Read: മോദിക്കിപ്പോള്‍ ആളെ പിടികിട്ടിയില്ല? ‘കോന്‍ രാഹുല്‍’ എന്ന മോദിയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആശയം ഉചിതമാണെന്ന് കരുതുന്നില്ല. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്ന് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചുവെന്നാണ് അമര്‍ത്യ സെന്‍ പറഞ്ഞത്. വിചാരണ കൂടാതെ നിരവധി രാഷ്ട്രീയ നേതാക്കളെ തടവിലടച്ചതില്‍ അമര്‍ത്യ സെന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതും നേതാക്കളെ വിചാരണ കൂടാതെ ജയിലിടക്കുന്നതും നിയന്ത്രിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മള്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കും. ബ്രിട്ടീഷ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് നിരവധി നേതാക്കളെ ഒരു കാരണവുമില്ലാതെ തടവിലാക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടി. സമാന സാഹചര്യമാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഹിജാബ് നിരോധനത്തിനെതിരായ മുംബൈ കോളേജ് വിദ്യാര്‍ത്ഥികളുടെ ഹരജി തള്ളി ഹൈക്കോടതി

കോടികണക്കിന് പണം ചെലവഴിച്ച് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാനായിരുന്നു. എന്നാല്‍ ഈ ലക്ഷ്യം മഹാത്മ ഗാന്ധിയുടേയും രവീന്ദ്രനാഥ ടാഗോറിന്റേയും സുഭാഷ് ചന്ദ്രബോസിന്റേയും രാജ്യത്ത് നടക്കില്ല. ഇന്ത്യയുടെ യഥാര്‍ത്ഥ സ്വത്വത്തെ അവഗണിക്കാനുള്ള ശ്രമത്തെ ശക്തമായി ചെറുക്കുമെന്നും അമര്‍ത്യ സെന്‍ വ്യക്തമാക്കി.

മൂന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയെ കുറിച്ചുള്ള അഭിപ്രായവും അമര്‍ത്യ സെന്‍ പങ്കുവെക്കുകയുണ്ടായി. മുമ്പ് ഉണ്ടായിരുന്ന മന്ത്രിസഭയുടെ ഫോട്ടോകോപ്പിയാണ് ഇപ്പോഴത്തേത്. പ്രധാനപ്പെട്ട വകുപ്പുകളില്‍ മാറ്റം വന്നിട്ടില്ല. ചെറിയ മാറ്റങ്ങള്‍ മാത്രമാണ് മന്തിസഭയില്‍ ഇത്തവണ ഉണ്ടായതെന്നും അമര്‍ത്യ സെന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: അല്‍ജസീറയെ അടച്ചുപൂട്ടാനുള്ള താത്കാലിക അധികാരങ്ങള്‍ സ്ഥിരമാക്കാനുള്ള ബില്ല് അംഗീകരിച്ച് ഇസ്രഈല്‍

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. കേവലഭൂരിപക്ഷം ഇല്ലാതിരുന്ന ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായി വന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് മികച്ച പ്രകടനവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചു. പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യം 234 സീറ്റ് പിടിച്ചെടുത്തപ്പോള്‍ ബി.ജെ.പി ഒറ്റയ്ക്ക് 240 സീറ്റ് മാത്രമാണ് നേടിയത്.

Content Highlight: Amartya Sen said that Lok Sabha election results have proved that India is not a Hindu nation