പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമായി ഒറ്റപ്പെട്ട് നില്‍ക്കുന്നതിനെക്കാള്‍ നല്ലത് ഒരുമിച്ച് നില്‍ക്കുന്നതാണ്: അമര്‍ത്യാ സെന്‍
national news
പ്രതിപക്ഷ പാര്‍ട്ടികള്‍ ദുര്‍ബലമായി ഒറ്റപ്പെട്ട് നില്‍ക്കുന്നതിനെക്കാള്‍ നല്ലത് ഒരുമിച്ച് നില്‍ക്കുന്നതാണ്: അമര്‍ത്യാ സെന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th July 2023, 11:25 pm

ന്യൂദല്‍ഹി: ജനാധിപത്യം ആവശ്യപ്പെടുന്നത് അധികാരം പങ്കിടലാണെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ ഫെഡറല്‍ സഖ്യം രൂപീകരിക്കാന്‍ നടത്തുന്ന ചര്‍ച്ചകളെയും അമര്‍ത്യാ സെന്‍ സ്വാഗതം ചെയ്തു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സെന്നിന്റെ പ്രതികരണം.

മണിപ്പൂരില്‍ സമാധാനം കൊണ്ടുവരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും അമര്‍ത്യാ സെന്‍ ചൂണ്ടിക്കാട്ടി. ‘ജനാധിപത്യം പലപ്പോഴും അധികാരം പങ്കിടാന്‍ ആവശ്യപ്പെടുന്നു എന്നതാണ് വസ്തുത. എന്നാല്‍ പലപ്പോഴും ഭൂരിപക്ഷ വോട്ടുകള്‍ ന്യൂനപക്ഷ പാര്‍ട്ടികള്‍ക്ക് ആ ശക്തി ഉണ്ടാകാന്‍ അനുവദിച്ചില്ല.

പകരം ന്യൂനപക്ഷത്തെ അനിശ്ചിതാവസ്ഥയിലേക്ക് നയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് ദുര്‍ബലമായി ഒറ്റപ്പെട്ട് നില്‍ക്കുന്നതിനെക്കാള്‍ നല്ലത് ഒരുമിച്ച് നില്‍ക്കുന്നതാണ്. പാട്നയില്‍ കഴിഞ്ഞമാസം നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇതിന്റെ സൂചനയാണ് നല്‍കുന്നത്,’ അമര്‍ത്യാ സെന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ കേസിലും അമര്‍ത്യാ സെന്‍ വിയോജിപ്പ് അറിയിച്ചു. ‘പാര്‍ലമെന്റിലെ ഏതെങ്കിലും അംഗത്തെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്യുകയോ സമാനമായ കേസിന്റെ പേരില്‍ ആര്‍ക്കെങ്കിലും പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടുകയോ ചെയ്ത സാഹചര്യം ഓര്‍മ്മയിലില്ല.

ഇന്ത്യ ആ ദിശയിലേക്ക് പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയില്‍ ഏക സിവില്‍കോഡ് എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അത് ഇന്ത്യയുടെ ജനാധിപത്യ പരീക്ഷണത്തില്‍ എന്തുതരം പ്രതികൂല പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും ആശങ്കയുണ്ട്,’ അമര്‍ത്യാ സെന്‍ പറഞ്ഞു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാന്‍ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളൂരുവില്‍ തുടങ്ങി. 26 പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിയത്.

പ്രതിപക്ഷ നേതൃയോഗത്തിന് മുന്നോടിയായി സോണിയാ ഗാന്ധി ഒരുക്കിയ അത്താഴവിരുന്നില്‍ നേതാക്കള്‍ പങ്കെടുത്തു. ഉച്ചയോടെ തന്നെ അഞ്ച് മുഖ്യമന്ത്രിമാരടക്കം പ്രധാന നേതാക്കളെല്ലാമെത്തി. എന്‍.സി.പിയുടെ നിര്‍ണായക നീക്കങ്ങള്‍ തുടരുന്നതിനാല്‍ ശരദ് പവാര്‍ ചൊവ്വാഴ്ച രാവിലെയേ എത്തൂ.

 

Content Highlights: amartya sen praises opposition unity before bengaluru meeting