പൂനെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്രസിങ് ധോണിയെ ഒഴിവാക്കാന്‍ സിലക്ഷന്‍ കമ്മിറ്റിക്ക് ധൈര്യമില്ലെന്ന് സിലക്ഷന്‍ കമ്മിറ്റി മുന്‍ അംഗം മൊഹീന്ദര്‍ അമര്‍നാഥ്.[]
കഴിഞ്ഞ ഒരുവര്‍ഷക്കാലം ടീമിന് ധോണി എന്തു നല്‍കിയെന്നും അമര്‍നാഥ് ചോദിച്ചു. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ധോണിക്ക് ടീമില്‍ ഇടം നല്‍കാനാകില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ധോണി ടീമില്‍ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടീമിലെ സ്വന്തം ഭാവിയെ കുറിച്ചു തീരുമാനിക്കേണ്ടതു ധോണിയല്ല. ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നകാര്യം തീരുമാനിക്കേണ്ടത് സിലക്ടര്‍മാരാണ്.
ടെസ്്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗംഭീറിനേയും ട്വന്റി-20ക്ക് കോഹ്‌ലിയേയും ക്യാപ്റ്റനാക്കുന്നതാണ് അനുയോജ്യമെന്നും അമര്‍നാഥ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടു ദയനീയ പരാജയത്തിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ പദവി രാജിവെക്കില്ലെന്ന് മഹേന്ദ്ര സിങ് ധോണി പറഞ്ഞിരുന്നു.
പരാജയത്തിനുശേഷം ഒളിച്ചോടുന്നത് ശരിയല്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഒപ്പം ടീമിനെ ഭാഗ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ടീമിനെ ഒരുമിച്ചു നിര്‍ത്തുകയും അടുത്ത ടെസ്റ്റിനുവേണ്ടി സജ്ജമാക്കുകയും ചെയ്യുക എന്നതാണ് തന്റെ ദൗത്യമെന്ന് ധോണി കൂട്ടിച്ചേര്‍ത്തു. യുവ നിരയടങ്ങുന്ന ടീമിനെ മികച്ച ഫോമിലേക്ക് കൊണ്ടുവരുക എന്നത് വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമയത്തല്ല , മോശം സമയത്താണ് ക്യാപ്റ്റന്‍ ഇടപെടേണ്ടത് എന്നതിനാല്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കില്ലെന്ന് ധോണി വ്യക്തമാക്കി.
ഇതേ തുടര്‍ന്നാണ് അമര്‍നാഥിന്റെ പ്രതികരണം വന്നത്.