| Monday, 22nd February 2021, 7:49 pm

'ക്യാപ്റ്റന്‍ ഫോര്‍ 2022'; വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അമരീന്ദര്‍ സിംഗ് തന്നെ നയിക്കുമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് കോണ്‍ഗ്രസിനെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തന്നെ നയിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജഖര്‍. അമരീന്ദറിന്റെ നേതൃത്വത്തില്‍ അണികള്‍ക്കും ജനങ്ങള്‍ക്കും വിശ്വാസമുണ്ടെന്നും ജഖര്‍ പറഞ്ഞു.

‘ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്നെ അമരീന്ദറിന്റെ നേതൃത്വം ജനങ്ങള്‍ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ്. ക്യാപ്റ്റന്‍ ഫോര്‍ 2022 എന്നാണ് അടുത്ത തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം’, ജഖര്‍ പറഞ്ഞു.

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അമ്പത് വോട്ടുപോലും തികയ്ക്കാതെയാണ് റാഹോണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റാഹോണിലെ 13 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് ഏഴും, ശിരോമണി അകാലിദളിന് നാലും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 2 ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഈ വാര്‍ഡുകളില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് അമ്പത് വോട്ടു പോലും തികയ്ക്കാനായില്ല.

റാഹോണില്‍ പാരാജയം ഭയന്ന് ബി.ജെ.പിയുടെ പല സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരായി മത്സരിച്ചിരുന്നു. 53 വര്‍ഷത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസിന് ബതിന്ദ ഭരിക്കാനാകുമെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ആറെണ്ണത്തിലും കോണ്‍ഗ്രസാണ് വിജയിച്ചത്. മൊഗ, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, അഭോര്‍, പത്താന്‍കോട്ട്, ബതിന്ദ എന്നിവിടങ്ങളിലാണ് വിജയം.

എട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളും 109 മുനിസിപ്പല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ 117 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2302 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 9222 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amarinder to lead party in assembly polls next year: Punjab

We use cookies to give you the best possible experience. Learn more