ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ സോണിയ ഗാന്ധിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നംഗ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാനാണ് അമരീന്ദര്‍ സിംഗ് തയ്യാറായത്.
ജൂണ്‍ മൂന്നിനോ നാലിനോ ഈ യോഗം നടക്കുമെന്നും തുടര്‍ന്ന് പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
അമരീന്ദര്‍ സിംഗിനെതിരെ വിവിധ പരാതികളാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരില്‍ ദളിതുകള്‍ക്ക് ആവശ്യമായ പ്രാതിനിധ്യമില്ലെന്നും മുഖ്യമന്ത്രിയെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം ലഭിക്കുന്നില്ലെന്നുമാണ് ഒരു ആരോപണം.
2015ല്‍ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ച സംഭവത്തിലെ കുറ്റവാളികളെ പിടികൂടാനോ പിന്നീട് സമാധാനപരമായി നടന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തിയതില്‍ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നും വിമര്‍ശനങ്ങളുണ്ട്.
കാലാവധി പൂര്‍ത്തിയാകാറായിട്ടും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഭൂരിഭാഗം വാഗ്ദാനങ്ങളും നടപ്പാക്കാനായിട്ടില്ലെന്നും ഇത് ഗ്രാമപ്രദേശങ്ങളിലെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകാന്‍ ഇടയാക്കുമെന്നും എം.എല്‍.എമാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.
ഇതിനിടയില്‍ നവ്ജോത് സിംഗ് സിദ്ദുവും അമരീന്ദറും തമ്മിലുള്ള തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. നവ്‌ജോത് ആം ആദ്മിയിലേക്ക് പോകുമെന്ന അമരീന്ദര്‍ സിംഗിന്റെ ആരോപണത്തോട് രൂക്ഷമായ മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. സിദ്ദുവിന് എടുത്തുചാട്ടമാണെന്നും ആം ആദ്മിയിലേക്ക് പോകുമെന്നുമായിരുന്നു അമരീന്ദര്‍ സിംഗ് പറഞ്ഞത്.
മറ്റുള്ള പാര്‍ട്ടിയുമായി താന്‍ ഒരു മീറ്റിങ്ങെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നാണ് അമരീന്ദര്‍ സിംഗിനെ വെല്ലുവിളിച്ചുകൊണ്ട് നവ്‌ജോത് സിദ്ദു പറഞ്ഞത്. ഈ നിമിഷം വരെ, ഒരു സ്ഥാനത്തിനുവേണ്ടിയും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെട്ടിട്ടുണ്ടെന്നും കാത്തിരുന്നു കാണാമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി മേധാവി സോണിയ ഗാന്ധി രൂപീകരിച്ച മൂന്നംഗ സമിതിയെ ഇപ്പോള്‍ സംസ്ഥാന പാര്‍ട്ടി നേതാക്കളെയെല്ലാം വ്യക്തിപരമായി സന്ദര്‍ശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാന നേതാക്കളെ കണ്ടു.
സഖ്യമില്ലാതെ തന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ബി.ജെ.പി- അകാലിദള്‍ കൂട്ടുകെട്ടിന്റെ 10 വര്‍ഷത്തെ ഭരണം തകര്‍ത്താണ് അമരീന്ദറിന്റെ നേതൃത്വത്തില്‍ 2017ല്‍ പഞ്ചാബില്‍ അധികാരം നേടുന്നത്. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ഏതുവിധേനെയും പരിഹരിക്കണമെന്ന ഉറച്ച നിലപാടിലാണ് ദേശീയ നേതൃത്വം.