ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാക്കറെയും ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവില്‍. ഇരുവരും അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
പാര്‍ട്ടി വിട്ട കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ വക്താവ് ജയ്വീര്‍ ഷെര്‍ഗിലിനെ ബി.ജെ.പി ദേശീയ വക്താവായും നിയമിച്ചു.
ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സ്വതന്ത്ര ദേവിനെയും ദേശീയ എക്‌സിക്യൂട്ടിവില്‍ ഉള്‍പ്പെടുത്തി.
ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുന്‍ പ്രസിഡന്റുമാരായ മദന്‍ കൗശിക്, വിഷ്ണു ദേവ് സായ്, പഞ്ചാബില്‍ നിന്നുള്ള റാണാ ഗുര്‍മിത് സിങ് സോധി, മനോരഞ്ജന്‍ കാലിയ, അമന്‍ജോത് കൗര്‍ രാമുവാലിയ എന്നിവരെയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പാര്‍ട്ടിയായ ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ ഔദ്യോഗികമായി ബി.ജെ.പിയില്‍ ലയിച്ചത്.
കഴിഞ്ഞ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് അമരീന്ദര്‍ സിങ് പാര്‍ട്ടി വിട്ടത്. പിന്നാലെ ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
2021 സെപ്റ്റംബറിലായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് അമരീന്ദര്‍ സിങ്ങിനെ മാറ്റി ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. പക്ഷെ തുടര്‍ന്ന് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുകയുമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലായിരുന്നു അമരീന്ദറിന്റെ പാര്‍ട്ടി മത്സരിച്ചിരുന്നത്. എന്നാല്‍ സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിങ് ആം ആദ്മിയുടെ അജിത് പാല് സിങ് കോലിയോട് പരാജയപ്പെട്ടിരുന്നു. അമരീന്ദര്‍ സിങിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ തട്ടകമായിരുന്ന പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാജയം.
Content Highlight: Amarinder Singh, Sunil Jakhar made BJP national executive members