അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി.
അമരീന്ദര്‍ സിംഗ് രാജിവെക്കുന്നതായി അദ്ദേഹത്തിന്റെ മകന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
” എന്റെ പിതാവ് പഞ്ചാബ് ഗവര്‍ണര്‍ സാഹിബിന് രാജിക്കത്ത് സമര്‍പ്പിക്കുന്നു, ” ഗവര്‍ണറുമൊത്തുള്ള അമരീന്ദറിന്റെ ഫോട്ടോ അറ്റാച്ചുചെയ്തുകൊണ്ട് രണീന്ദര്‍ ട്വീറ്റ് ചെയ്തു.
അമരീന്ദര്‍ സിംഗ് രാജിവച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിരവധി എം.എല്‍.എമാര്‍ അമരീന്ദറിന്റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഇത്രയും അപമാനങ്ങള്‍ സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ല’ എന്ന് സോണിയയെ അമരീന്ദര്‍ അറിയിച്ചിരുന്നു.
‘ഇത്തരം അപമാനം സഹിച്ച് മതിയായി, മൂന്നാം തവണയാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അപമാനങ്ങള്‍ സഹിച്ച് ഇനിയും പാര്‍ട്ടിയില്‍ തുടരാനാകില്ല,’ എന്ന് അമരീന്ദര്‍ സോണിയയെ അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
അമരീന്ദറിന്റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. പുതിയ നേതൃത്വം സംസ്ഥാനത്ത് വേണമെന്നാണ് ഇവരുടെ ആവശ്യം.