ചണ്ഡീഗഢ്: രാഹുല്‍ ഗാന്ധിക്കു പകരം മറ്റൊരു യുവനേതാവ് കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ എത്തുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. രാജിവെയ്ക്കാനുള്ള രാഹുലിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘പാര്‍ട്ടിയെ പ്രവര്‍ത്തനോന്മുഖമാക്കാന്‍ മറ്റൊരു ഊര്‍ജസ്വലനായ യുവനേതാവ് എത്തുമെന്നാണു പ്രതീക്ഷ. യുവനേതാവിനെ യുവ ഇന്ത്യക്ക് ആവശ്യമാണെന്ന കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കണക്കിലെടുക്കണം.’- അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ യുവനേതൃത്വത്തിന് രാഹുല്‍ വഴി കാണിച്ചുകൊടുത്തെന്നും അമരീന്ദര്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിലെ ഏതു മാറ്റവും ഇന്ത്യയുടെ സാമൂഹ്യ യാഥാര്‍ഥ്യത്തില്‍ പ്രതിഫലിക്കും. ഇന്ത്യയിലെ 65 ശതമാനം ജനങ്ങളും 35 വയസ്സിനു താഴെയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലും പിന്നീട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലുമാണ് അമരീന്ദര്‍ ഇക്കാര്യം പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് രാജിക്കത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.
ദളിത് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി പ്രധാനമായും അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നത്. അമരീന്ദര്‍ പറഞ്ഞതുപോലെ യുവനേതാക്കളെ പരിഗണിച്ചാല്‍, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരില്‍ ആരെങ്കിലുമാകും ആ സ്ഥാനത്തേക്കെത്തുക.