അമൃത്സര്‍: കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള പഞ്ചാബില്‍ ഉള്‍പ്പാര്‍ട്ടിപ്പോര് കനക്കുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
അമരീന്ദറിന്റെ നേതൃത്വത്തില്‍ അടുത്ത തവണ പഞ്ചാബില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
സഖ്യമില്ലാതെ തന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ബി.ജെ.പി- അകാലിദള്‍ കൂട്ടുകെട്ടിന്റെ 10 വര്‍ഷത്തെ ഭരണം തകര്‍ത്താണ് അമരീന്ദറിന്റെ നേതൃത്വത്തില്‍ 2017 ല്‍ പഞ്ചാബില്‍ അധികാരം നേടുന്നത്.
നിലവില്‍ പാര്‍ട്ടിക്കുള്ളിലെ പോര് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
പാര്‍ട്ടി മേധാവി സോണിയ ഗാന്ധി രൂപീകരിച്ച മൂന്നംഗ സമിതിയെ ഇപ്പോള്‍ സംസ്ഥാന പാര്‍ട്ടി നേതാക്കളെയെല്ലാം വ്യക്തിപരമായി സന്ദര്‍ശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സമിതി ഇന്ന് 25 സംസ്ഥാന നേതാക്കളെ കണ്ടു.
നവ്‌ജോത് സിംഗ് സിദ്ധുവും അമരീന്ദറും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നവ്ജോത് ആംആദ്മിയിലേക്ക് പോകുമെന്ന അമരീന്ദര്‍ സിംഗിന്റെ ആരോപണത്തിന് പിന്നാലെ നവ്‌ജോത് സിദ്ധു മറുപടിയുമായി രംഗത്തെത്തിയിരുന്നു.
മറ്റുള്ള പാര്‍ട്ടിയുമായി താന്‍ ഒരു മീറ്റിംഗ് എങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നാണ് നവ്‌ജോത് ,അമരീന്ദര്‍ സിംഗിനെ വെല്ലുവിളിച്ചത്. ഈ നിമിഷം വരെയും ഒരു സ്ഥാനത്തിനുവേണ്ടിയും താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെട്ടിട്ടുണ്ടെന്നും കാത്തിരുന്നു കാണാമെന്നും സിദ്ദു പറഞ്ഞിരുന്നു.
സിദ്ദുവിന് എടുത്തുചാട്ടമാണെന്നും അദ്ദേഹം ആം ആദ്മിയിലേക്ക് പോകുമെന്നുമായിരുന്നു അമരീന്ദര്‍ സിംഗ് പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി
Content Highlights: Amarinder Singh’s Rebel Crisis Grows As Central Team Meets State Leaders