ന്യൂദല്‍ഹി: കര്‍ഷക സമരത്തിലെ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലെ സമരമുഖം ഏറെ വേദനിപ്പിക്കുന്നു. ചില ഭാഗങ്ങളില്‍ അക്രമം ഉണ്ടായത് അംഗീകരിക്കാനാവില്ല. സമാധാനപരമായി സമരം നടത്തിയ കര്‍ഷകരുടെ പേരാണ് ഈ ആരോപണം കെടുത്തുന്നത്. എല്ലാ കര്‍ഷക നേതാക്കളും ഉടന്‍ തന്നെ ദല്‍ഹി വിട്ട് അതിര്‍ത്തിയിലേക്ക് മടങ്ങിയെത്തണം, അമരീന്ദര്‍ സിംഗ് പറഞ്ഞു.
നേരത്തെ കര്‍ഷക സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
അതേസമയം രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. ദല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു. പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചു. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞു.
നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദല്‍ഹി ഐ.ടി.ഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് കൊല്ലപ്പെട്ടത്.
പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ദല്‍ഹി പൊലീസ് ആവര്‍ത്തിച്ചു.
എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചുവെന്നും ആ വെടിവെപ്പിലാണ് ട്രാക്ടര്‍ മറിഞ്ഞതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മൃതദേഹവുമായി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ് കര്‍ഷകര്‍.
അതേസമയം ചില സമരക്കാര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. ചൊങ്കോട്ടയിലെത്തിയ കര്‍ഷകര്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ ഉയര്‍ത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.
ഇവിടെ നിന്ന് ഇന്ത്യാ ഗേറ്റിലേക്കും പ്രതിഷേധവുമായി എത്തുമെന്ന് കര്‍ഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തലസ്ഥാന നഗരിയില്‍ വ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറുകയാണ്.
ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകരെത്തിയിട്ടുണ്ട്. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കര്‍ഷകരാണ് ദല്‍ഹിയിലെത്തുന്നത്. ആയിരക്കണക്കിന് ട്രാക്ടറുകള്‍ ഇപ്പോള്‍ തന്നെ പരേഡിന്റെ ഭാഗമായി അണിനിരന്നു കഴിഞ്ഞു.
5000 ട്രാക്ടറുകള്‍ക്കാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തിലേറെ ട്രാക്ടറുകള്‍ പ്രതിഷേധ റാലിക്കെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. എന്നാല്‍ സംഘടനകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ റാലിക്കെത്തിയിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരഭൂമിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.
കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക