അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്.
ഭാവിയില്‍ ഇരുവരും തമ്മില്‍ എന്തെങ്കിലും തര്‍ക്കങ്ങളുണ്ടായാല്‍ തന്നെ അത് പാര്‍ട്ടിക്ക് ഗുണകരമാവുകയേയുള്ളൂവെന്നും പഞ്ചാബിന്റെ ചുമതലയുള്ള നേതാവ് കൂടിയായ ഹരീഷ് റാവത്ത് പറഞ്ഞു.
സ്വന്തം അഭിപ്രായങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്ന ധീരതയുള്ള നേതാക്കളായതുകൊണ്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുന്നത് എന്ന നിലയില്‍ തന്നെയാണ് ജനങ്ങള്‍ കാര്യങ്ങളെ മനസിലാക്കുന്നതെന്നും ഹരീഷ് റാവത്ത് എ.എന്‍.ഐയോട് പറഞ്ഞു.
‘പഞ്ചാബ് ധീരന്മാരുടെ നാടാണ്. അവര്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ കടുത്ത തര്‍ക്കം നടക്കുകയാണെന്ന് തോന്നിയേക്കാം. പക്ഷെ അങ്ങനെയൊന്നുമില്ല. അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് അവര്‍ തന്നെ പരിഹാരം കാണും. ഞങ്ങളിവിടെ ഒന്നും ചെയ്യുന്നില്ല,’ ഹരീഷ് റാവത്ത് പറഞ്ഞു.
അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞുള്ള വാക്‌പോരിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയിരുന്നു.
ഇരുനേതാക്കളും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരസ്യപ്രസ്താവനയുമായി രംഗത്തുവന്നതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ഈ തര്‍ക്കം തലവേദനയായി.
രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമുള്‍പ്പെടെ പ്രശ്‌നത്തില്‍ ഇടപെടുകയും അമരീന്ദറും സിദ്ദുവും തമ്മില്‍ സമവായത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷനാക്കിയതിലൂടെ പ്രശ്‌നങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും ആശ്വാസമായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും തര്‍ക്കങ്ങളുണ്ടായിരുന്നു.
എന്നാല്‍ നിലവിലെ ഹരീഷ് റാവത്തിന്റെ പ്രസ്താവന പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലികമായിട്ടെങ്കിലും പരിഹാരമായിട്ടുണ്ടെന്ന സൂചനകളാണ് നല്‍കുന്നത്.