| Thursday, 8th July 2021, 4:56 pm

പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി അമരീന്ദര്‍; പഞ്ചാബില്‍ രാഷ്ട്രീയപ്പോര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രശാന്ത് കിഷോറുമായി നടത്തിയ കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

2017ല്‍ അമരീന്ദര്‍ സിംഗിനു വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് പ്രശാന്ത് കിഷോറായിരുന്നു. 2022 ലും വിജയം തുടരണമെന്ന ലക്ഷ്യത്തോടെയാണ് അമരീന്ദര്‍ പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.

എന്നാല്‍, പ്രശാന്ത് കിഷോര്‍ തന്റെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് വിവരം. ബംഗാളിലെയും തമിഴ്‌നാട്ടിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷം താന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.

നിലവില്‍ പഞ്ചാബിലെ ഉള്‍പ്പാര്‍ട്ടിപ്പോരാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നം.
നവ്‌ജ്യോത് സിംഗ് സിദ്ധുവും അമരീന്ദറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കുകയോ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് പാനല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഒന്നും അറിയില്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് എന്താണോ ആഗ്രഹിക്കുന്നത് അത് പിന്തുടരും എന്നാണ് അമരീന്ദര്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ് മികച്ച വിജയം നേടിയ സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Amarinder Singh Meets Prashant Kishor, Sets Off ‘Tag Team 2022’ Talk

We use cookies to give you the best possible experience. Learn more