| Sunday, 29th May 2022, 8:29 pm

ഇതാണോ ആപ് വാഗ്ദാനം നല്‍കിയ പഞ്ചാബ് ; എ.എ.പിക്കെതിരെ ആഞ്ഞടിച്ച് അമരീന്ദര്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവാലയുടെ മരണത്തിന് പിന്നാലെ എ.എ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

പഞ്ചാബില്‍ ക്രമസമാധാനം തകര്‍ന്നെന്നും, ഇതാണോ ആപ്പ് വാഗ്ദാനം നല്‍കിയ പഞ്ചാബെന്നും അമരീന്ദര്‍ സിങ് ചോദിച്ചു.

‘സിദ്ദു മൂസേവാലയുടെ ക്രൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്. പഞ്ചാബില്‍ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. കുറ്റവാളികള്‍ക്ക് നിയമത്തെ ഭയമില്ല. എ.എ.പി പഞ്ചാബ് സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. പഞ്ചാബില്‍ ആരും സുരക്ഷിതരല്ല,’ അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.

ഇന്ന് വൈകുന്നേരം സുഹൃത്തുക്കളുമായി സഞ്ചരിക്കുന്നതിനിടെയാണ് സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്.

കാറില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ മൂസേവാലയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അടുത്തിടെ മൂസേവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിദ്ദു മൂസേവാല എ.എ.പിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു.

തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസേവാലക്കെതിരെ നിരവധി കേസുകളുണ്ട്.

Content Highlights: Amarinder Singh has criticized the AAP government following the death of Sidhu Moosewala

We use cookies to give you the best possible experience. Learn more