| Friday, 2nd December 2016, 10:23 am

അമൃത്‌സറില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ; ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ച് അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമൃത്‌സറില്‍ നിന്ന് ജെയ്റ്റ്‌ലി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അന്ന് ജെയ്റ്റ്‌ലിയെ പരാജയപ്പെടുത്തിയത് അമരീന്ദര്‍ സിങ്ങായിരുന്നു. 


ന്യൂദല്‍ഹി: അമൃത്‌സറില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ച് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമൃത്‌സറില്‍ നിന്ന് ജെയ്റ്റ്‌ലി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അന്ന് ജെയ്റ്റ്‌ലിയെ പരാജയപ്പെടുത്തിയത് അമരീന്ദര്‍ സിങ്ങായിരുന്നു.

അമൃത്‌സറില്‍ നടക്കാന്‍ പോകുന്നത് പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ വിലയിരുത്തലായിരിക്കുമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ജെയ്റ്റ്‌ലി വൈകാതെ മന്ത്രിയായി രാജ്യസഭയിലെത്തി. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി അമരീന്ദര്‍ ലോക്‌സഭാംഗത്വം രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


പഞ്ചാബ് നിയമസഭയിലേക്കുള്ള എല്ലാ സീറ്റുകളും ഇത്തവണ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അമരീന്ദര്‍ അവകാശപ്പെട്ടു.  മോദി സര്‍ക്കാര്‍ രാജ്യത്ത് നാസി ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സൈബര്‍ സുരക്ഷ ഉറപ്പുവരുത്താതെ എങ്ങനെയാണ് രാജ്യം പൂര്‍ണമായും ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുകയെന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഒന്നോ രണ്ടോ പാദങ്ങള്‍ കൂടിയേ ഉണ്ടാകൂവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കി.


സ്വര്‍ണം കൈവശം വെക്കുന്നതിന് നിയന്ത്രണമില്ലെന്ന് സര്‍ക്കാര്‍; അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതം


എന്നാല്‍ ഈ തീരുമാനം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം അതിദീര്‍ഘമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധിച്ച നടപടിക്ക് പിന്നാലെ നവംബര്‍ 12-ാം തീയതി നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദമുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാഴ്ചയെങ്കിലും എടുക്കുമെന്നും പുതിയ നോട്ടുകള്‍ക്കനുസരിച്ച് എ.ടി.എമ്മുകള്‍ക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.

എന്നാല്‍ വേണ്ട മുന്നൊരുക്കത്തോടെയല്ല നിരോധനം നടപ്പിലാക്കിയതെന്ന് വിമര്‍ശനമുയരുമ്പോഴാണ് ജനങ്ങളുടെ ബുദ്ധിമുട്ട് വീണ്ടും നീളുമെന്ന് അദ്ദേഹം പറയുന്നത്.

We use cookies to give you the best possible experience. Learn more