| Sunday, 3rd January 2021, 12:17 pm

ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവം പെരുപ്പിച്ചുകാട്ടി കേന്ദ്രം; ആദ്യം കര്‍ഷകരെക്കുറിച്ച് സംസാരിക്കെന്ന് അമരീന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: കര്‍ഷക പ്രതിഷേധം പരിഹരിക്കാന്‍ ഒരുതരത്തിലുമുള്ള നടപടികളും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ വകവെക്കാതെ റിലയന്‍സ് ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തിന് അമിത പ്രാധാന്യം നല്‍കിയ നടപടി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

കേടായ ടവറുകള്‍ നന്നാക്കാന്‍ പറ്റുന്നതാണെന്നും എന്നാല്‍ കടുത്ത തണുപ്പിലും ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരെക്കുറിച്ച് കേന്ദ്രത്തിന് എന്താണ് പറയാനുള്ളതെന്നും അമരീന്ദര്‍ ചോദിച്ചു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകരോട് കടുത്ത അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബില്‍ വ്യാപകമായി റിലയന്‍സ് ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഗവര്‍ണര്‍ വി.പി സിംഗ് ബദ്‌നോറും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.
മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ സമന്‍സ് അയച്ച നടപടിയാണ് അമരീന്ദറിനെ പ്രകോപിപ്പിച്ചത്.

എന്തെങ്കിലും വിശദീകരണം വേണമെങ്കില്‍ തന്നെയാണ് വിളിക്കേണ്ടതെന്നും അല്ലാതെ തന്റെ ഉദ്യോഗസ്ഥരെയല്ലെന്നും അമരീന്ദര്‍ പ്രതികരിച്ചു. ഭരണഘടനാ കാര്യാലയത്തെ ബി.ജെ.പി. അനിഷ്ടകരമായ അജണ്ട യിലേക്ക് വലിച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ കുപ്രചാരണത്തിന് ഗവര്‍ണര്‍ വഴങ്ങിയിട്ടുണ്ടെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെക്കുറിച്ച് ബി.ജെ.പിയുടെ പ്രചാരണം കാര്‍ഷിക നിയമത്തില്‍ നിന്നും കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നും പഞ്ചാബ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

‘നമ്മുടെ കര്‍ഷകരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായ ഒരു ഘട്ടത്തില്‍, ബി.ജെ.പി നേതാക്കള്‍ വൃത്തികെട്ട രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയും ഗവര്‍ണറുടെ ഭരണഘടനാ കാര്യാലയത്തെ അതിലേക്ക് വലിച്ചിടുകയും ചെയ്യുന്ന തിരക്കിലാണ്, ‘ അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:  Amarinder Singh Against Central government

We use cookies to give you the best possible experience. Learn more