ബയോപിക്കുകള്‍ അധികം വരാത്ത ഒരു ഇന്‍ഡസ്ട്രിയാണ് തമിഴ് സിനിമ. അത്തരമൊരു ഇന്‍ഡസ്ട്രിയില്‍ നിന്ന് മിലിട്ടറി പശ്ചാത്തലമാക്കി പുറത്തുവന്ന ചിത്രമാണ് അമരന്‍. രങ്കൂണ്‍ എന്ന ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരനില്‍ ശിവകാര്‍ത്തികേയനാണ് നായകാനയെത്തിയത്.
രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് അമരന്‍ പറയുന്നത്. 2014ല്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിക്കുകയും രാജ്യം അശോകചക്ര നല്‍കി ആദരിക്കുകയും ചെയ്ത സൈനികനാണ് മേജര്‍ മുകുന്ദ് വരദരാജന്‍.
നായകകഥാപാത്രം മരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ സിനിമ കാണുമ്പോള്‍ പോലും ഒരിടത്ത് പോലും മടുപ്പ് വരാതെ ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ട്. നായകനായ മുകുന്ദിന്റെ പട്ടാളജീവിതം, പ്രണയം, കുടുംബം എന്നിവയിലൂടെ കഥ പറഞ്ഞ അമരന്‍ ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നാണെന്ന് നിസ്സംശയം പറയാം.
ഏത് കഥ പറഞ്ഞാലും അതില്‍ നായകന് ഓവറായി മാസ് കാണിക്കാന്‍ അല്ലെങ്കില്‍ അയാള്‍ക്ക് വേണ്ടി കൊമേഷ്‌സ്യല്‍ എലമെന്റുകള്‍ കുത്തിക്കയറ്റുന്ന തമിഴ് ഇന്‍ഡസ്ട്രിയിലെ വേറിട്ടൊരു പരീക്ഷണം കൂടിയാണ് അമരന്‍. നായകന് ഒരു ഇന്‍ട്രോ സോങ്, നായകനും നായികക്കും വേണ്ടി ഒരു അടിച്ചുപൊളി പാട്ട് എന്നിങ്ങനെയുള്ള ക്ലീഷേകളൊന്നും ചേര്‍ത്തില്ല എന്നത് തന്നെയാണ് അമരന്റെ ഏറ്റവും വലിയ പോസിറ്റീവ്.
കുട്ടിക്കാലം മുതല്‍ പട്ടാളത്തില്‍ ചേരണം എന്ന ആഗ്രഹവുമായി നടക്കുന്ന മുകുന്ദ്, കോളേജ് കാലഘട്ടത്തില്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന പങ്കാളി ഇന്ദു, മുകുന്ദിന്റെ കുടുംബം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വളെര മനോഹരമായി ചിത്രത്തില്‍ പകര്‍ത്താന്‍ സംവിധായകന് സാധിച്ചു. മുകുന്ദിന്റെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അതില്‍ തന്നെ പട്ടാളത്തിലെ ജീവിതം വളരെ മികച്ച രീതിയില്‍ പ്രസന്റ് ചെയ്തിട്ടുണ്ട്.
എടുത്തുപറയേണ്ട മറ്റൊരു കാര്യം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ക്വാളിറ്റിയാണ്. 130കോടി ബജറ്റിലൊരുങ്ങിയ ചിത്രം അതിന്റെ എല്ലാ പ്രൗഢിയും ഓരോ ഫ്രെയിമിലും കാണിക്കുന്നുണ്ട്. മിലിട്ടറി ട്രെയിനിങ്, തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയ സീനുകള്‍ ഒന്നില്‍ പോലും ആര്‍ട്ടിഫിഷ്യാലിറ്റി തോന്നിയിട്ടില്ല. കശ്മീരിന്റെ ഭംഗിയും, യുദ്ധത്തിന്റെ ഭീകരതയും മാക്‌സിമം മികച്ചതായി അവതരിപ്പിച്ചിട്ടുണ്ട്. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് മികച്ച ക്വാളിറ്റിയില്‍ തന്നെയാണ് അമരന്‍ അണിയിച്ചൊരുക്കിയത്.
അഭിനേതാക്കളുടെ പ്രകടനം നോക്കിയാല്‍ ശിവകാര്‍ത്തികേയനെക്കുറിച്ച് തന്നെയാണ് ആദ്യം പറയേണ്ടത്. വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ ക്ലൈമാക്‌സില്‍ വിജയ്‌യുടെ കൈയില്‍ നിന്ന് തോക്ക് ഏറ്റുവാങ്ങിയ സീന്‍ കണ്ട പലരും ശിവയെ അടുത്ത ദളപതിയായി പലരും വാഴ്ത്തിയിരുന്നു. എന്നാല്‍ താന്‍ അതുക്കും മേലെയാണെന്ന് തെളിയിക്കുന്ന പെര്‍ഫോമന്‍സായിരുന്നു ശിവകാര്‍ത്തികേയന്‍ കാഴ്ചവെച്ചത്.
നോട്ടത്തിലും നടത്തത്തിലും ഒരു പട്ടാളക്കാരനായി ജീവിക്കുകയായിരുന്നു ശിവ. ചിത്രത്തിനായി ശിവകാര്‍ത്തികേയന്‍ നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു. മേജര്‍ മുകുന്ദ് എന്ന കഥാപാത്രം ശിവയുടെ കരിയര്‍ ബെസ്റ്റ് അല്ല, മറിച്ച് വണ്‍സ് ഇന്‍ എ ലൈഫ്‌ടൈം എന്ന് സംശയമേതുമില്ലാതെ പറയാം. ഇതുപോലെ മികച്ച കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുകയാണെങ്കില്‍ ശിവ തമിഴ് സിനിമയുടെ മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയം വേണ്ട.
ഇന്ദുവായി വേഷമിട്ട സായ് പല്ലവിയും അതിഗംഭീര പെര്‍ഫോമന്‍സായിരുന്നു. ആ കഥാപാത്രത്തിന്റെ എല്ലാ ഇമോഷനുകളും സായ് പല്ലവിയില്‍ ഭദ്രമായിരുന്നു. ആകെ കല്ലുകടിയായി തോന്നിയത് തമിഴ് കലര്‍ന്ന മലയാളം മാത്രമായിരുന്നു. എന്നാല്‍ അതിനെപ്പോലും മറികടക്കുന്ന തരത്തിലായിരുന്നു അവസാന പത്തുമിനിറ്റിലെ സായ് പല്ലവിയുടെ പ്രകടനം. ഒന്നുപാളിയാല്‍ ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ സാധ്യതയുണ്ടായിരുന്ന ഭാഗം കൈയടക്കത്തോടെ സായ് അവതരിപ്പിച്ചിട്ടുണ്ട്.
മുകുന്ദിന്റെ സീനിയര്‍ ഓഫീസറായി വേഷമിട്ട രാഹുല്‍ ബോസ്, ബഡ്ഡിയായി വേഷമിട്ട ഭുവന്‍ അറോറ എന്നിവരും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. മുകുന്ദിന്റെ അമ്മയായി വേഷമിട്ട ഗീതയും മികച്ചതായിരുന്നു. വളരെ രസകരമായി ആ കഥാപാത്രത്തെ ഗീത അവതരിപ്പിച്ചിട്ടുണ്ട്. മലയാളികളായ ശ്യാം മോഹന്‍, ശ്യാമപ്രസാദ്, ജോണ്‍ കൈപ്പള്ളില്‍ എന്നിവരും അവരവരുടെ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്.
ചിത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തില്‍ സംഗീതമൊരുക്കിയ ജി.വി. പ്രകാശും പ്രത്യേക കൈയടി അര്‍ഹിക്കുന്നുണ്ട്. ഇന്റര്‍വല്‍ സീനില്‍ ജി.വി.പി നല്‍കിയ സംഗീതം തിയേറ്ററില്‍ ഗംഭീര ഇംപാക്ട് ഉണ്ടാക്കിയപ്പോള്‍ ക്ലൈമാക്‌സിലെ ഗാനം ഹൃദയസ്പര്‍ശിയായി മാറി. അധികം മാസ് ആക്കാതെ കൃത്യമായ മീറ്ററിലാണ് ജി.വി. പ്രകാശ് അമരനെ സമീപിച്ചത്.
കശ്മീരിനെ മികച്ച രീതിയില്‍ ഒപ്പിയെടുത്ത സി.എച്ച്. സായ്‌യുടെ ക്യാമറാക്കണ്ണുകളും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. അന്‍ബറിവ്, സ്റ്റെഫാന്‍ റിച്ചര്‍ എന്നിവര്‍ ഒരുക്കിയ ആക്ഷന്‍ സീനുകള്‍ വളരെ റിയലിസ്റ്റിക്കായി അനുഭവപ്പെട്ടു. രണ്ടേമുക്കാല്‍ മണിക്കൂര്‍ ചിത്രത്തെ യാതൊരു മടുപ്പും തോന്നാത്ത രീതിയില്‍ അളന്നുമുറിച്ചെടുത്ത കലൈവാണനും അമരനെ മികച്ച ചിത്രമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ആര്‍മിക്ക് കൊടുക്കാവുന്നതില്‍ വെച്ച് മികച്ച ഒരു ട്രിബ്യൂട്ടായി അമരനെ കണക്കാക്കാം. അതോടൊപ്പം ഇങ്ങനെ ഒരു സൈനികന്‍ രാജ്യത്തിനായി ജീവിച്ചിരുന്നു എന്ന ഓര്‍മപ്പെടുത്തലും. സിനിമ അവസാനിച്ച് മടങ്ങുമ്പോള്‍ നിറഞ്ഞുതുളുമ്പുന്ന കണ്ണുകളാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. ഒപ്പം തന്റെ മകള്‍ക്ക് മുകുന്ദ് പാടിക്കൊടുത്ത ഭാരതിയാറുടെ ‘അച്ചമില്ലൈ അച്ചമില്ലൈ അച്ചമെന്‍പതില്ലയേ’ എന്ന ഗാനം കാതില്‍ തങ്ങിനില്‍ക്കും.