| Monday, 4th November 2024, 8:15 am

കഴിഞ്ഞ ദീപാവലി റിലീസിന്റെ കടം ഇത്തവണ പലിശയടക്കം വീട്ടിയിട്ടുണ്ട്, കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദീപാവലി റിലീസുകളില്‍ അതിഗംഭീരമായ കുതിപ്പ് തുടരുകയാണ് അമരന്‍. ശിവകാര്‍ത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് പറയുന്നത്. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ കാഴ്ചവെച്ചത്. സായ് പല്ലവിയും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ബോക്‌സ് ഓഫീസിലും ബുക്കിങ്ങിലും മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്തള്ളിക്കൊണ്ട് മുന്നേറുകയാണ് അമരന്‍.

ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. വെറും മൂന്ന് ദിവസം കൊണ്ടാണ് അമരന്‍ 100 കോടി ക്ലബ്ബിലേക്ക് എന്‍ട്രി നടത്തിയത്. ശിവയുടെ കരിയറില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രമായാണ് അമരന്‍ മാറിയത്. ശ്വകാര്‍ത്തികേയന്റെ മൂന്നാമത്തെ 100 കോടി ചിത്രമാണ് അമരന്‍. നെല്‍സണ്‍ സംവിധാനം ചെയ്ത ഡോക്ടര്‍, സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ഡോണ്‍ എന്നിവയാണ് ഇതിന് മുമ്പ് 100 കോടി നേടിയ ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍.

25 ദിവസം കൊണ്ട് ഡോക്ടര്‍ ത്രീ ഡിജിറ്റ് തൊട്ടപ്പോള്‍ ആ നേട്ടത്തിലേക്ക് ഡോണ്‍ എത്തിയത് 12 ദിവസം കൊണ്ടാണ്. അതിനെക്കാള്‍ വേഗത്തില്‍ അമരന്‍ 100 കോടി നേടിയപ്പോള്‍ ശിവകാര്‍ത്തികേയന്റെ സ്റ്റാര്‍ഡം ഉയരത്തിലെത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പുള്ള ദീപാവലി റിലീസില്‍ ശിവകാര്‍ത്തികേയന്റെ പ്രിന്‍സിന് അമ്പേ നെഗറ്റീവ് അഭിപ്രായമായിരുന്നു ലഭിച്ചത്. അനുദീപ് സംവിധാനം ചെയ്ത ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചു.

പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത ശിവകാര്‍ത്തികേയനെ പലരും അഭിനന്ദിച്ചിരുന്നു. എന്നാല്‍ ആ പരാജയത്തിന്റെ പലിശയടക്കം ഇത്തവണ വീട്ടി തന്റെ റേഞ്ച് എന്താണെന്ന് വിമര്‍ശകര്‍ക്ക് കാണിച്ചുകൊടുത്തു. റിലീസ് ചെയ്ത് അഞ്ചാം ദിവസമായ ഇന്നും മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി നേടാനും സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രയപ്പെടുന്നത്.

അങ്ങനെ സംഭവിച്ചാല്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ടൈര്‍ 2വിലെ ആദ്യ നടനായി ശിവകാര്‍ത്തികേയന്‍ മാറും. വെറും 21 ചിത്രം കൊണ്ടാണ് ശിവകാര്‍ത്തികേയന്‍ ഇത്രയും വലിയ നേട്ടത്തിലേക്കെത്തിയത്. വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ അതിഥിവേഷവും ശിവക്ക് വലിയ മൈലേജ് നല്‍കിയിട്ടുണ്ട്. വിജയ് ഒഴിച്ചിട്ട സ്ഥാനത്തേക്ക് ശിവകാര്‍ത്തികേയന്‍ വരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Amaran entered into 100 crore club in just three days

We use cookies to give you the best possible experience. Learn more