| Tuesday, 19th November 2024, 4:25 pm

രജിനിയെയും കമലിനെയും ധനുഷിനെയും വീഴ്ത്തി, ഇനി ശിവയുടെ മുന്നിലുള്ളത് വിജയ് മാത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴും തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് അമരന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ശിവ അമരനില്‍ കാഴ്ചവെച്ചത്. നിരൂപകപ്രശംസയോടൊപ്പം ബോക്‌സ് ഓഫീസിലും ചിത്രം വന്‍ കുതിപ്പ് നടത്തുകയാണ്.

ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടി ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണിത്. 300 കോടി പിന്നിട്ടതോടെ തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവുയര്‍ന്ന കളക്ഷനില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് അമരന്‍. കമല്‍ ഹാസന്‍ നായകനായെത്തിയ ഇന്ത്യന്‍ 2, രജിനികാന്തിന്റെ വേട്ടൈയന്‍ എന്നീ ചിത്രങ്ങളെ മറികടന്നാണ് അമരന്‍ മുന്നേറിയത്.

വിജയ് നായകനായെത്തിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമാണ് ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രം. 455 കോടിയാണ് ചിത്രം നേടിയത്. അമരന് പിന്നാലെ പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ സൂര്യയുടെ കങ്കുവ പ്രതീക്ഷക്കൊത്ത് ഉയരാത്തതും അടുത്തെങ്ങും തമിഴില്‍ വമ്പന്‍ റിലീസുകളൊന്നും ഇല്ലാത്തതും അമരന് അഡ്വാന്റേജാണ്.

ഇതേ രീതിയില്‍ രണ്ടാഴ്ച കൂടി പ്രദര്‍ശനം തുടര്‍ന്നാല്‍ ചിത്രം ഗോട്ടിന്റെ കളക്ഷന്‍ മറികടന്നേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ തമിഴ് നടന്മാരില്‍ ടൈര്‍ 2വിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ ശിവകാര്‍ത്തികേയന്റെ പേരിലാണ്. രാഷ്ട്രീയപ്രവേശനത്തിന് ശേഷം ഒഴിഞ്ഞുകിടക്കാന്‍ പോകുന്ന വിജയ്‌യുടെ സ്ഥാനത്തേക്ക് ശിവകാര്‍ത്തികേയന്‍ എത്തിയേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ ശിവക്ക് സാധിച്ചിട്ടുണ്ട്. അമരന്‍ പോലെ മികച്ച സ്‌ക്രിപ്റ്റുകള്‍ മാത്രം തെരഞ്ഞെടുത്ത് ചെയ്യുകയാണെങ്കില്‍ തമിഴ് സിനിമയിലെ മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കാന്‍ ശിവകാര്‍ത്തികേയന് സാധിക്കുമെന്ന് ഉറപ്പാണ്. നിലവില്‍ എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശിവ അഭിനയിക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിദ്യുത് ജംവാലാണ് വില്ലന്‍. മലയാളത്തില്‍ നിന്ന് ബിജു മേനോനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Amaran crossed 300 crore landmark in Box office

We use cookies to give you the best possible experience. Learn more