| Thursday, 26th November 2020, 8:39 pm

എന്നോടല്ല, പ്രതിഷേധത്തിന് മുമ്പ് കര്‍ഷകരോട് സംസാരിച്ചുകൂടായിരുന്നോ? ഖട്ടറോട് അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് സംഘടിപ്പിക്കുകയാണ് താനെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഖട്ടറുടെ വാക്കുകള്‍ തന്നെ ഞെട്ടിപ്പിച്ചെന്നാണ് സിംഗ് പറഞ്ഞത്.

ഖട്ടര്‍ ജീ, നിങ്ങളുടെ പ്രതികരണത്തില്‍ ഞെട്ടിപ്പോയി. എന്നോടല്ല എം.എസ്.പിയെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടത്. കര്‍ഷകരോട് ബോധ്യപ്പെടുത്തു. പ്രതിഷേധത്തിന് കര്‍ഷകര്‍ ഇറങ്ങുന്നതിന് മുമ്പ് അവരോട് സംസാരിച്ചുകൂടായിരുന്നോ? ഞാന്‍ എന്തിന് കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് സംഘടിപ്പിക്കണം.പഞ്ചാബിലെ മാത്രമല്ല ഹരിയാനയിലേയും കര്‍ഷകര്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ടല്ലോ? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്, അമരീന്ദര്‍ സിംഗ് പറഞ്ഞു.

നേരത്തെ കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ച് തടയാന്‍ ഇടപെടലുമായി ഖട്ടര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങളില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ താന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് ഖട്ടര്‍ പറഞ്ഞത്

അതോടൊപ്പം നിരപരാധികളായ കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് സംഘടിപ്പിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്നും ഇത് ശരിയല്ലെന്നുമായിരുന്നു ഖട്ടറിന്റെ വിമര്‍ശനം.

അമരീന്ദര്‍ ജീ, ദയവ് ചെയ്ത് കര്‍ഷകരെ ഓരോന്ന് പറഞ്ഞ് സംഘടിപ്പിക്കരുത്. എം.എസ്.പിയില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ഞാന്‍ രാഷ്ട്രീയജീവിതം തന്നെ ഉപേക്ഷിക്കും. കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കരുത്, എന്നാണ് ഖട്ടര്‍ പറഞ്ഞത്.

കഴിഞ്ഞ മൂന്ന് ദിവസമായി അമരീന്ദര്‍ സിംഗുമായി ചര്‍ച്ചയ്ക്ക് താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഖട്ടര്‍ പറഞ്ഞു.

നേരത്തെ ദല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഹരിയാനയില്‍ തടയുകയും അവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്ത ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.

ഭരണഘടനാ ദിനമായ ഇന്ന് പ്രതിഷേധിച്ച കര്‍ഷകരെ തല്ലിച്ചതച്ച പൊലീസ് നടപടി വിരോധാഭാസമാണെന്നായിരുന്നു അമരീന്ദന്‍ സിങ് പറഞ്ഞത്.

എം.എല്‍ ഖട്ടര്‍ ജി, ദയവുചെയ്ത് അവരെ കടന്നുപോകാന്‍ അനുവദിക്കൂ. അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താതിരിക്കൂ. സമാധാനപരമായി അവരെ ദല്‍ഹിയിലേക്ക് കടത്തിവിടൂ’ എന്നായിരുന്നു അമരീന്ദര്‍ സിങ് ട്വിറ്ററില്‍ എഴുതിയത്.

ക്രൂരമായ ബലപ്രയോഗത്തിലൂടെ അവരെ തടയുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ‘ദല്‍ഹി ചലോ’ മാര്‍ച്ച് ഹരിയാന അതിര്‍ത്തിയില്‍ വെച്ച് പൊലീസ് തടഞ്ഞിരുന്നു. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചായിരുന്നു ഹരിയാന പൊലീസ് കര്‍ഷകരെ നേരിട്ടത്.

സമാധാനപരമായി ഇവിടേക്ക് മാര്‍ച്ച് ചെയ്ത് വന്ന കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. നേരത്തെ തന്നെ കര്‍ഷക മാര്‍ച്ചിനെ തടയാന്‍ പൊലീസ് ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡും ലോറികളില്‍ മണ്ണും എത്തിച്ചിരുന്നു.

അതേസമയം ഏത് വിധേനയും അതിര്‍ത്തി കടന്ന് ദല്‍ഹിയിലെത്താനാണ് കര്‍ഷകരുടെ തീരുമാനം. വിജയം കാണാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ പറയുന്നത്. രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ചലോ ദല്‍ഹി മാര്‍ച്ചുമായി ദല്‍ഹിയില്‍ എത്തിച്ചേരുക.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500-ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Amarainder Singh Slams Manoharlal khattar

We use cookies to give you the best possible experience. Learn more