2024 പാരിസ് ഒളിമ്പിക്‌സില്‍ 57 കിലോഗ്രാം പുരുഷ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യന്‍ താരം അമന്‍ സെഹ്‌റാവത്ത് സെമിയില്‍ പ്രവേശിച്ചു. 2022ലെ ലോക ചാമ്പന്യനായ അല്‍ബേനിയയുടെ സെലിംഖാന്‍ അബാക്കറോവിനെയാണ് അമന്‍ പരാജയപ്പെടുത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഇനി ഒരു വിജയം കൂടെ സ്വന്തമാക്കിയാല്‍ മെഡല്‍ ഉറപ്പിക്കാനും അമന് സാധിക്കും. ക്യാര്‍ട്ടര്‍ ഫൈനലില്‍ 12-0നാണ് അമന്‍ ലോകചാമ്പ്യനായ സെലിംഖാനെ പരാജയപ്പെടുത്തിയത്. ഇന്ന് രാത്രി 9:45നാണ് സെമി ഫൈനല്‍ മത്സരം നടക്കുന്നത്. ജപ്പാന്റെ റെയ് ഹിഗൂച്ചിയോടാണ് അമന്‍ സെമിയില്‍ ഏറ്റുമുട്ടുന്നത്. നേരത്തെ 16ാം റൗണ്ടില്‍ അമന്‍ നോര്‍ത്ത് മാസിഡോണിയയുടെ വ്‌ളാഡിമര്‍ എഗോറോവിനെ പരാജയപ്പെടുത്തിയിരുന്നു.
അതേ സമയം പാരിസ് ഒളിമ്പിക്‌സ് വനിതാ ഗുസ്തി ഫൈനലില്‍ വിനേഷ് ഫോഗാട്ടിനെ ഭാര പരിശോധനയില്‍ 100ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെ അയോഗ്യയാക്കപ്പെടുകയായിരുന്നു.
50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ യു.എസ് താരം സാറ ആന്‍ ഹില്‍ഡെബ്രാന്റിനെതിരായുള്ള മത്സരത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഇത് സംഭവിച്ചത്.
വിനേഷിനെ അയോഗ്യയാക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഇപ്പോഴും നടക്കുന്നത്. ഇതോടെ വിനേഷ് മുമ്പ് തന്റെ ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റും വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. തന്നെ ഒളിമ്പിക്‌സില്‍ അയോഗ്യയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്ന രീതിയിലായിരുന്നു താരത്തിന്റെ പോസ്റ്റ്. അതേ സമയം വിനേഷിന് പിന്തുണ നല്‍കിക്കൊണ്ടു ഒരുപാട് കായിക താരങ്ങളും സിനിമാ താരങ്ങളും രംഗത്ത് വന്നിരുന്നു.
Content Highlight: Aman Sehrawat in men’s wrestling semi-finals