| Saturday, 15th April 2023, 6:05 pm

ബൂം... ക്യാച്ച് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇദാണ് ക്യാച്ച്; ആര്‍.സി.ബിയുടെ നെടുംതൂണിളക്കി യുവതാരം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 20ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിക്ക് പുറമെ മഹിപാല്‍ ലോംറോര്‍, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹബാസ് അഹമ്മദ് എന്നിവരുടെ കൂട്ടിച്ചേര്‍ക്കലുകളുമാണ് ഹോം ടീമിനെ മോശമല്ലാത്ത നിലയില്‍ കൊണ്ടുചെന്നെത്തിച്ചത്.

16 പന്തില്‍ നിന്നും 22 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസിന്റെ വിക്കറ്റാണ് റോയല്‍ ചലഞ്ചേഴ്‌സിന് ആദ്യം നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 42ല്‍ നില്‍ക്കവെയായിരുന്നു ഫാഫ് പുറത്തായത്.

അഞ്ചാം ഓവറിലെ നാലാം പന്തിലായിരുന്നു ഫാഫ് പുറത്തായത്. മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ അമന്‍ ഹക്കിം ഖാന് ക്യാച്ച് നല്‍കിയായിരുന്നു താരം മടങ്ങിയത്.

മാര്‍ഷിന്റെ പന്തില്‍ ബൗണ്ടറി ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്ത ഫാഫ് ഡു പ്ലെസിസിനെ അവിശ്വസീയമാംവിധം കൈപ്പിടിയിലൊതുക്കിയാണ് താരം പുറത്താക്കിയത്. ‘വാട്ട് എ ക്യാച്ച്’ എന്നായിരുന്നു കമന്റേറ്റര്‍മാര്‍ ആ ക്യാച്ചിനെ വിശേഷിപ്പിച്ചത്.

അതേസമയം, 175 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ക്യാപ്പിറ്റല്‍സിന് ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

പൃഥ്വി ഷായുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. നേരിട്ട രണ്ടാം പന്തില്‍ പൂജ്യം റണ്‍സിന് പുറത്തായാണ് ഷാ വീണ്ടും സമ്പൂര്‍ണ പരാജയമായത്. നാല് പന്ത് നേരിട്ട് പൂജ്യം റണ്‍സുമായി മിച്ചല്‍ മാര്‍ഷും നാല് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി യാഷ് ദുള്ളും ആര്‍.സി.ബിയുടെ ബൗളിങ് കരുത്തിന് മുമ്പില്‍ വീണു.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 32 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ദല്‍ഹി. 13 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

Content highlight: Aman Hakim Khan’s catch to dismis Faf du Plessis

We use cookies to give you the best possible experience. Learn more