മുംബൈ: മുസ്‌ലിം വിരുദ്ധത പടര്‍ത്തി ന്യൂസ് 18 ഇന്ത്യ മാധ്യമപ്രവര്‍ത്തകന്റെ ചാനല്‍ ഷോ. ന്യൂസ് 18 ഇന്ത്യയിലെ അമന്‍ ചോപ്രയാണ് വ്യാജവീഡിയോ അടിസ്ഥാനമാക്കി കടുത്ത ഇസ്‌ലാമോഫോബിക് വാദങ്ങള്‍ നിരത്തി ചര്‍ച്ച സംഘടിപ്പിച്ചത്.
മുസ്‌ലിങ്ങള്‍ നടത്തുന്ന ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പ് തുപ്പുന്നുവെന്നും ഇത് തുപ്പല്‍ ജിഹാദാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചര്‍ച്ചയുടെ ഉള്ളടക്കം.
2021 നവംബര്‍ 15ന് ഗാസിയാബാദിലെ ലോനിയില്‍ നിന്നുള്ള ഒരു മുസ്‌ലിം ഭക്ഷണശാല തൊഴിലാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു അമന്‍ ചോപ്രയുടെ ചര്‍ച്ച.
ഭക്ഷണത്തില്‍ തുപ്പുന്നത് ജിഹാദോ? പ്രാകൃതമോ? എന്നായിരുന്നു ചര്‍ച്ചയുടെ തലക്കെട്ട്. മതമല്ല വിഷയം വൃത്തിയാണ് എന്ന് പറഞ്ഞായിരുന്നു അമന്‍ ചോപ്ര ചര്‍ച്ച ആരംഭിച്ചത്.
ഈ ചര്‍ച്ച സംഘപരിവാര്‍ ക്യാംപുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അമന്‍ ചോപ്രയെ ട്വിറ്ററില്‍ ഫോളോ ചെയ്യുകയായിരുന്നു. താന്‍ ആദരിക്കപ്പെട്ടുവെന്നായിരുന്നു ഇതിന് അമന്‍ ചോപ്രയുടെ പ്രതികരണം.
അതേസമയം വാര്‍ത്തയിലെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണം ന്യൂസ് ലോണ്‍ട്രിയും ചൂണ്ടിക്കാട്ടിയതോടെ ന്യൂസ് 18 ചാനല്‍ വാര്‍ത്ത പിന്‍വലിച്ചു. അമന്‍ ചോപ്രയും ഇത് സംബന്ധിച്ച വാര്‍ത്തയും മറ്റു പോസ്റ്റുകളും യൂട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തു.
പ്രൊഫസര്‍ സംഗീത് രാഗി, ഹം ഹിന്ദു സംഘടനാ സ്ഥാപക നേതാവ് അജയ് ഗൗതം, ബി.ജെ.പി മുന്‍ നേതാവ് അശ്വിനി ഉപാധ്യായ, മൗലാന അലിമുദ്ദീന്‍ ആസാദി, മസൂദ് ഹാഷ്മി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്