| Tuesday, 6th June 2023, 4:54 pm

'മാധ്യമങ്ങള്‍ വന്നില്ലായിരുന്നെങ്കില്‍ പൊലീസ് തല്ലിയോടിച്ചേനേ'; അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയെന്ന് ആരോപണം. ശ്രദ്ധയുടെ മരണം മാനേജ്‌മെന്റ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നവരെ പൊലീസ് തല്ലിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മാധ്യമങ്ങള്‍ ക്യാംപസിലേക്കെത്തിയില്ലായിരുന്നെങ്കില്‍ പൊലീസ് തങ്ങളെ തല്ലിയോടിച്ചേനെയെന്ന് വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാധ്യമങ്ങള്‍ കയറി വന്നില്ലായിരുന്നെങ്കില്‍ ഇവിടെ നില്‍ക്കുന്ന എല്ലാ കുട്ടികളെയും അവര്‍ തല്ലിയോടിച്ച് വിട്ടേനേ. ഇവിടെ തല്ല് കിട്ടിയവരുണ്ട്. മീഡിയ ഉള്ളത് കൊണ്ടാണ് പൊലീസ് മാറി നില്‍ക്കുന്നത്. വാര്‍ത്ത കയറുമെന്ന് വിചാരിച്ച് മാത്രം മാറി നില്‍ക്കുന്നതാണ് പൊലീസ്.

മാനേജ്‌മെന്റ് ഒന്നും പറയുന്നില്ല. രണ്ട് കമ്മിറ്റി രൂപീകരിച്ചെന്ന് പറഞ്ഞു. ആശുപത്രിയില്‍ ചെന്ന് ഡോക്ടറോട് കൃത്യമായ വിവരം പറഞ്ഞു. പക്ഷേ ബാക്കിയുള്ളവരോടെല്ലാം കുഴഞ്ഞ് വീണു മരിച്ചെന്ന് പറഞ്ഞു. അതെന്താ അങ്ങനെ. ആ കുട്ടി മരിച്ചതിന്റെ സ്റ്റോറി ഇട്ടത് വരെ അവര്‍ ഡിലീറ്റ് ചെയ്യിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ കോളേജിന്റെ പേര് പോകും അതുകൊണ്ട് ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞു,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വീട്ടിലേക്ക് വിളിച്ച് വിദ്യാര്‍ത്ഥികളെ കൂട്ടികൊണ്ടുപോകാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

‘എല്ലാ വീട്ടുകാരെയും വിളിച്ച് പറഞ്ഞിരിക്കുവാ കോളേജില്‍ നിന്ന് നിങ്ങളുടെ കുട്ടികളെ വിളിച്ച് കൊണ്ട് പോകണമെന്ന്. ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് ഇവിടെ നില്‍ക്കുന്ന കുട്ടികളുടെ വീട്ടിലേക്ക് എല്ലാ സാറുമാരും വിളിക്കുന്നുണ്ട്. ഓട്ടോമൊബൈല്‍ ഡിപ്പാര്‍ട്‌മെന്റിലെ ശ്രീറാം സര്‍ എല്ലാവരുടംയും വീട്ടില്‍ വിളിക്കുന്നുണ്ട്.

ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ പല പിള്ളേരെയും ഒതുക്കി. അധ്യാപകര്‍ ഓരോ ന്യായങ്ങള്‍ പറയുകയാണ്. അവര്‍ക്ക് ഇപ്പോള്‍ മുന്നിലോട്ട് വരാന്‍ പേടിയാണ്. ഞാനാണ് ഇവിടുത്തെ മാനേജര്‍, എനിക്ക് പറയാനുള്ള അധികാരമുണ്ട്, ഞാന്‍ പറഞ്ഞു തരും എന്നാണ് മാനേജര്‍ അച്ഛന്‍ പറഞ്ഞത്. എന്നിട്ട് അദ്ദേഹം എവിടെ. കണ്ടിട്ട് പോലുമില്ല.

രണ്ട് മൂന്ന് മണിക്കൂര്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ ഇരിക്കുകയായിരുന്നു. ഇവര്‍ എന്താണ് പറയുന്നതെന്ന് നോക്കാന്‍ വേണ്ടി. എന്നിട്ട് ഞങ്ങള്‍ക്കൊന്നും കിട്ടിയില്ല. എം.എല്‍.എ സാറ് വന്നിട്ട് പോയി,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ശ്രദ്ധയുടെ മരണത്തിന് പിന്നാലെ തന്നെ മാനേജ്‌മെന്റിനും അധികാരികള്‍ക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ തൂങ്ങിയ വിവരം പറയാതെ കുഴഞ്ഞു വീണതാണെന്ന കള്ളമാണ് അധ്യാപിക പറഞ്ഞതെന്ന ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്.

അതേസമയം വിദ്യാര്‍ത്ഥി പ്രതിനിധികളും മാനേജ്‌മെന്റും അധികാരികളും തമ്മിലുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ചര്‍ച്ച നടക്കുന്ന സമയത്ത് ക്യാംപസില്‍ പ്രതിഷേധിക്കാനായെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് പൊലീസിന്റെ അതിക്രമമെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണെന്ന ഇ മെയില്‍ സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. ഹോസ്റ്റല്‍ ഒഴിയാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍.

ജൂണ്‍ രണ്ടിനാണ് അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല.

വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

content highlight: amaljyothi college students against police

We use cookies to give you the best possible experience. Learn more