'രാജി അറിയിച്ചത് തെറ്റാണെന്നു മനസ്സിലാക്കുന്നു'; മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മില്‍ നിന്നു രാജിവെച്ചതിനെക്കുറിച്ച് യുവനേതാവ്
Kerala News
'രാജി അറിയിച്ചത് തെറ്റാണെന്നു മനസ്സിലാക്കുന്നു'; മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മില്‍ നിന്നു രാജിവെച്ചതിനെക്കുറിച്ച് യുവനേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 2:38 pm

കോഴിക്കോട്: പാലക്കാട് അഗളിമലയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മില്‍ നിന്നു രാജിവെക്കുന്നതായി അറിയിച്ചത് തെറ്റായിപ്പോയെന്ന് യുവനേതാവ്. താഴേക്കിടയിലെ ഓരോ പ്രവര്‍ത്തകരോടും താന്‍ ക്ഷമ ചോദിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ ഡി.വൈ.എഫ്.ഐ അഗളി മേഖലാ സെക്രട്ടറിയായിരുന്ന സി.ജെ. അമല്‍ദേവ് പറഞ്ഞു.

അമല്‍ദേവ് ഡി.വൈ.എഫ്.ഐയില്‍ നിന്നും സി.പി.ഐ.എമ്മില്‍ രാജിവെയ്ക്കുന്നതായി ചൊവ്വാഴ്ചയാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്.

‘ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം സംഘടനകളില്‍ നിന്ന് ഞാന്‍ രാജി വെക്കുന്നതായി അറിയിക്കുന്നു. കാരണം : അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ. എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം.’- എന്നായിരുന്നു അന്നത്തെ പോസ്റ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്ന് എസ്.എഫ്.ഐ കൊല്ലം മുന്‍ ജില്ലാ കമ്മിറ്റിയംഗം യാസിന്‍ എസും രാജിവെച്ചിരുന്നു. ഈ രക്തത്തില്‍ പങ്കുചേരാന്‍ കഴിയില്ലെന്നും കൊല ചെയ്യപ്പെട്ടതു സഖാക്കളാണെന്നുമായിരുന്നു യാസിന്‍ പറഞ്ഞത്.

ഏറ്റവും പുതുതായി അമല്‍ദേവ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം:

#രാജിവെച്ചത് ആഘോഷമാക്കിയവര്‍ക്ക് വേണ്ടി.

മരിക്കുന്നത് വരെ ഞാന്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരുന്നു എന്നറിയപ്പെടാന്‍ തന്നെ ആണ് ആഗ്രഹം. ഞാന്‍ പറഞ്ഞു വന്നത് വേറെ ഒരു പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ ചേരണം എന്ന് പറഞ്ഞു വരണ്ട. ഇവിടെ ആരും സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ ഉള്ള അമര്‍ഷം പോലെ തന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ പണത്തിനും അധികാരത്തിനും പുറകെ പോകുന്ന സമകാലീന സമൂഹത്തോടും എനിക്ക് എതിര്‍പ്പുണ്ട്. ഒരു അരാഷ്ട്രീയത പ്രചരിപ്പിക്കുകയല്ല. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ട്. ആ നിലപാടുകള്‍ യോജിക്കാത്തതും ഒരു കാരണമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഘടനാപരമായി എഫ്.ബിയില്‍ രാജി അറിയിച്ചത് തെറ്റാണെന്നു ഞാന്‍ മനസിലാക്കുന്നു. താഴേക്കിടയിലെ ഓരോ പ്രവര്‍ത്തകരോടും ഞാന്‍ ക്ഷമചോദിക്കുന്നു. ഈ തെറ്റ് ആവര്‍ത്തിക്കരുതെന്നും അറിയിക്കുന്നു.