ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം.
മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം കൂടിയാണ് അമൽഡ ലിസ്.
ഭ്രമയുഗത്തിൽ മമ്മൂട്ടിയോടൊപ്പമുള്ള കോമ്പിനേഷൻ സീനിനെ കുറിച്ച് പറയുകയാണ് അമൽഡ ലിസ്. ആ സീൻ എടുക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും അതോടൊപ്പം നല്ല ആകാംക്ഷയിൽ ആയിരുന്നുവെന്നും താരം പറയുന്നു.
എന്നാൽ മമ്മൂട്ടി സംസാരിച്ച് കംഫർട്ടബിൾ ആക്കിയെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അമൽഡ കൂട്ടിച്ചേർത്തു.
‘ആ സീൻ എടുക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. മമ്മൂക്കയുടെ കൂടെയായത് കൊണ്ട് നല്ല ആകാംഷയില്ലായിരുന്നു ഞാൻ. ഭ്രമയുഗത്തിൽ ആദ്യമെടുക്കുന്ന എന്റെ സീൻ അതാണ്.
മമ്മൂക്കായോടൊപ്പമായത് കൊണ്ട് നല്ല ടെൻഷനായിരുന്നു. അതെങ്ങനെ ചെയ്യുമെന്ന് എനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു.
പക്ഷെ മമ്മൂക്ക നമ്മളോട് സംസാരിച്ച് നല്ല കംഫർട്ടബിളാക്കും. കാരണം ഒരു ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ ആ കഥാപാത്രത്തെ മാത്രമേ നമുക്ക് കാണാൻ കഴിയുള്ളൂ. നമുക്ക് അതിനൊപ്പം അഭിനയിക്കാനെ പറ്റുള്ളൂ.
ഇതിലെ സീനുകളെല്ലാം വളരെ ഇന്റിമേറ്റ് ആയിട്ടാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. കുറച്ച് അഭിനേതാക്കൾ ആയത്കൊണ്ട് തന്നെ എല്ലാവർക്കും നല്ല സ്വാതന്ത്ര്യമായിരുന്നു,’അമൽഡ ലിസ് പറയുന്നു.
Content Highlight: Amalda Liz Talk About A Scene In Bramayugam Movie