ഫ്‌ളൈറ്റ് യാത്രക്കിടെ തനിക്ക് സംഭവിച്ച അപ്രതീക്ഷിത അനുഭവത്തെക്കുറിച്ച് പറയുകയാണ് നടി അമല പോള്‍. യാത്രക്കിടയില്‍ ഒരാള്‍ ക്ഷമ ചോദിച്ചുകൊണ്ട് തനിക്ക് എഴുത്ത് എഴുതിയെന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘കഴിഞ്ഞദിവസം ഞാന്‍ ഫ്‌ലൈറ്റില്‍ തിരിച്ച് നാട്ടിലേക്ക് വരുകയായിരുന്നു. കണ്ടാല്‍ ഒരു മുപ്പത് വയസൊക്കെ തോന്നുന്ന ഒരാള്‍ എന്റെ മുമ്പില്‍ വന്നു നിന്നു. എന്നിട്ട് ചോദിച്ചു, അമല പോളല്ലേയെന്ന്. ആദ്യം ഞാന്‍ ഞെട്ടിപ്പോയി. ആ സമയം ആയാള്‍ എന്റെ കയ്യിലേക്ക് ഒരു പേപ്പര്‍ തന്നു.
അത് എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു, ഇതൊന്ന് വായിക്കണമെന്ന്. അങ്ങനത്തെ ഒരു അനുഭവം എനിക്ക് ആദ്യമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അത്ഭുതവും തോന്നി. ഞാന്‍ പതിയെ ആ എഴുത്ത് വായിച്ച് നോക്കി. പുള്ളിക്ക് പണ്ട് എന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടായിരുന്നു എന്നാണ് അതില്‍ എഴുതിയിരുന്നത്.
അതായത്, പുള്ളി കോളേജില്‍ പഠിക്കുന്ന സമയം എന്നെക്കുറിച്ച് കുറേ റൂമര്‍ കേട്ടിരുന്നു. അതൊക്കെ അന്ന് പുള്ളിയും വിശ്വസിച്ചിരുന്നു. അതോടൊപ്പം ആ കഥകളൊക്കെ പുള്ളിയും പ്രചരിപ്പിച്ചു എന്നും അതില്‍ എഴുതിയിരുന്നു. എന്നാല്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്ന് കുറ്റബോധമുണ്ടെന്നും കത്തില്‍ പറഞ്ഞു.
നിങ്ങള്‍ അതൊക്കെ മറക്കണമെന്നും അയാള്‍ എഴുതി. പുള്ളിയുടെ മതത്തിന്റെ വിശ്വാസം അനുസരിച്ച്, ആരെയെങ്കിലും വേദനിപ്പിച്ചാല്‍ അവര്‍ ക്ഷമിച്ചാല്‍ മാത്രമേ പുണ്യം ലഭിക്കുകയുള്ളു. അതുകൊണ്ടാണ് ഇത് എഴുതിയത് എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ നിങ്ങള്‍ ഷമിക്കണം, എന്ന് നിങ്ങളുടെ ബ്രദര്‍ എന്നായിരുന്നു ആ എഴുത്തിന്റെ അവസാനം.ഒപ്പം ടീച്ചര്‍ സിനിമക്ക് ആശംസകളും നല്‍കി, അമല പോള്‍ പറഞ്ഞു.
അതിരന്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചറാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അമലക്ക് പുറമെ ചെമ്പന്‍ വിനോദ്, മാല പാര്‍വ്വതി, ഹക്കിം ഷാജഹാന്‍, അനുമോള്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറാണ് താരത്തിന്റെ വരാന്‍ പോകുന്ന സിനിമ. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലും അമല പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
content highlight: amala paul talks abouut unexpected moment