പലര്‍ക്കും വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും, ഇപ്പോഴാണ് താന്‍ സ്വയം സ്‌നേഹിച്ച് തുടങ്ങിയത് എന്നും പറയുകയാണ് നടി അമല പോള്‍. ടീച്ചര്‍ സിനിമയുമായി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഈ യാത്രയില്‍ പലതരം ആള്‍ക്കാരെ തിരിച്ചറിയാനാണ് ഞാന്‍ പഠിച്ചത്. നമ്മുടെ ചുറ്റും ഓരോ കാലത്തും ഓരോ തരത്തിലുള്ള ആള്‍ക്കാരുണ്ടാകും. ചിലര്‍ ആത്മാര്‍ഥതയോടെ നമ്മളെ സ്നേഹിക്കുന്നവരായിരിക്കും, മറ്റ് ചിലര്‍ ഇത്തിള്‍ക്കണ്ണികളായിരിക്കും. നമ്മളില്‍ നിന്ന് എത്രമാത്രം പണം അടിച്ചുമാറ്റം എന്നതായിരിക്കും അവരുടെ ലക്ഷ്യം.
നമ്മുടെ കൂടെ എന്നും നമ്മള്‍ മാത്രമേ ഉണ്ടാകൂ എന്ന സത്യം ഞാന്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞു. എല്ലാ മനുഷ്യരും ഓരോ കാലത്തും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്, മക്കള്‍ക്ക് വേണ്ടി, മാതാപിതാക്കള്‍ക്ക് വേണ്ടി, ജീവിതപങ്കാളിക്ക് വേണ്ടി അങ്ങനെ അങ്ങനെ.
ഒരുഘട്ടത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് വേണ്ടി നമ്മള്‍ എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചുതുടങ്ങും. ഞാനും ഇത്രയും കാലം അങ്ങനെയായിരുന്നു. ജീവിതത്തില്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നില്ല, മറ്റുള്ളവര്‍ക്കായി എന്റെ പല ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവെയ്ക്കേണ്ടി വന്നിട്ടുണ്ട്.
അതെല്ലാം ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഇന്ന് ഞാന്‍ സ്വയം സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു. ഇപ്പോഴെന്റെ ഏറ്റവും വലിയ സന്തോഷം എനിക്കെന്നെ
തിരിച്ചുകിട്ടി എന്നതാണ്,’ അമല പറഞ്ഞു.
തമിഴില്‍ അരങ്ങേറ്റംകുറിച്ച് പിന്നീട് മലയാളത്തില്‍ സജീവമായ താരമാണ് അമല. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും തന്റെ സാനിധ്യം അറിയിക്കാന്‍ അമലക്ക് കഴിഞ്ഞു. ഒരിടവേളക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ അമല പോള്‍.
അതിരന്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചറാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അമലക്ക് പുറമെ ചെമ്പന്‍ വിനോദ്, മാലാ പാര്‍വ്വതി, ഹക്കിം ഷാജഹാന്‍, അനുമോള്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
content highlight: amala paul talks about new plans in her life