| Friday, 2nd December 2022, 3:59 pm

ആ സംഭവത്തിന് ശേഷം ഞാന്‍ തകര്‍ന്ന് പോകുമെന്ന് എല്ലാവരും കരുതി, എന്നാല്‍ ശക്തമായി ഞാന്‍ തിരിച്ചുവന്നു: അമല പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അപ്രതീക്ഷിതമായി സിനിമ നിര്‍മാണത്തിലേക്ക് വന്നയാളാണ് താനെന്ന് നടി അമല പോള്‍. അനൂപ് പണിക്കരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കടാവര്‍ എന്ന തമിഴ് ചിത്രമാണ് താരം നിര്‍മിച്ച ആദ്യ സിനിമ. മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെയാണ് സിനിമ നിര്‍മാണത്തിലേക്ക് എത്തിയതെന്നും അമല പറഞ്ഞു. ടീച്ചര്‍ എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അപ്രതീക്ഷിതമായി നിര്‍മാതാവായി മാറിയ ഒരാളാണ് ഞാന്‍. കടാവര്‍ എന്ന സിനിമയുടെ നിര്‍മാതാവ് ആദ്യം വേറൊരാളായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് എങ്ങനെ കൂടുതല്‍ ലാഭം ഉണ്ടാക്കാം, എന്ന ലക്ഷ്യത്തോടെ മാത്രമാണ് അയാള്‍ സിനിമയെ സമീപിച്ചത്. അങ്ങനെ വന്നപ്പോള്‍, വിചാരിച്ചപ്പോലെ ഷൂട്ടിങ് മുന്നോട്ട് പോകില്ലെന്ന് മനസ്സിലായി. അപ്പോഴാണ് നിര്‍മാണം ഏറ്റെടുക്കാം എന്നൊരു തീരുമാനം ഞാനെടുക്കുന്നത്.

ഇന്നലെ വരെ ഒരുരീതിയിലും അറിയാത്ത ഒരു മേഖലയിലേക്കാണ് മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ഞാന്‍ കാലെടുത്ത് വച്ചത്. റിസ്‌ക്ക് ഫാക്ടര്‍ വളരെ വലുതായിരുന്നു. പിന്നാലെ കടലുപോലെ പ്രതിസന്ധികളുടെ വേലിയേറ്റവുമുണ്ടായി. പപ്പയുടെ മരണം, കൊവിഡ് ലോക്ഡൗണ്‍ അങ്ങനെ നീളുന്നു പ്രശ്‌നങ്ങള്‍.

വലിയൊരു തകര്‍ച്ചയുടെ വക്കത്ത് ഞാനെത്തി. പക്ഷേ ഏറ്റെടുത്ത ഉത്തരവാദിത്തം പൂര്‍ത്തിയാക്കും എന്ന ബോധ്യത്തില്‍ തളര്‍ന്നിരിക്കാതെ ഞാന്‍ സിനിമ പൂര്‍ത്തിയാക്കി. 18 വയസ്സുമുതല്‍ സ്വതന്ത്രമായി ജീവിക്കുന്ന സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയ ഒരാളാണ് ഞാന്‍.കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും വലിയരീതിയിലുള്ള സാമ്പത്തിക പ്രയാസങ്ങളൊന്നും ഞാന്‍ നേരിട്ടിട്ടില്ല.

എന്നാല്‍ കടാവറിന്റെ പണികളെല്ലാം കഴിഞ്ഞതോടെ എന്റെ കൈയില്‍ പൈസ ഇല്ലാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. ആ പ്രതിസന്ധിയെയും ശക്തമായി ഞാന്‍ നേരിട്ടു. നമ്മളെത്ര കരുത്തരാണെന്ന് പറഞ്ഞാലും, ഏറ്റവും വലിയ പ്രതിസന്ധി മുഖാമുഖം നില്‍ക്കുമ്പോള്‍ മാത്രമാണ് ഉള്ളിലെത്ര കരുത്തുണ്ടെന്ന് ശരിക്കും തിരിച്ചറിയുക.

എല്ലാവരും കരുതി ഞാന്‍ തകര്‍ന്ന് പോകുമെന്ന്. പക്ഷേ, സിനിമയുടെ വില്‍പ്പന കഴിഞ്ഞതോടെ മുടക്കുമുതലും ലാഭവും തിരിച്ചുപിടിച്ചു, ഞാന്‍ കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റു. അതിനപ്പുറം നിര്‍മാതാവിന്റെ റോള്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചിരുന്നു,’ അമല പറഞ്ഞു.

വലിയ ഇടവേളക്ക് ശേഷം അമല വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ പോവുകയാണ്. വിവേക് സംവിധാനം ചെയ്ത് ഡിസംബര്‍ രണ്ടിന തിയേറ്ററിലെത്തിയ ടീച്ചറാണ് അമലയുടെ ഏറ്റവും പുതിയ ചിത്രം.മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള സിനിമയായിരിക്കും ടീച്ചര്‍ എന്നും, തനിക്ക് ഇതുവരെ മലയാളത്തില്‍ ലഭിച്ചതില്‍ ഏറ്റവും മികച്ച റോളുകളിലൊന്നാണ് ടീച്ചറിലെ ദേവിക എന്ന കഥാപാത്രമെന്നും താരം പറഞ്ഞു.

content highlight: amala paul talks about her struggling time in cinema

We use cookies to give you the best possible experience. Learn more