ആരുടെയും ടീച്ചറാകാന്‍ എനിക്ക് താല്‍പര്യമില്ല, സ്വയം തിരുത്താനാണ് ശ്രമിക്കുന്നത്: അമല പോള്‍
മറ്റാരുടെയും ജീവിതത്തിന്റെ ടീച്ചറാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് നടി അമല പോള്‍. തന്റെ ജീവിതത്തില്‍ നിന്നും സ്വയം പാഠം പഠിക്കാനാണ് ശ്രമിക്കുന്നത് എന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാന്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നയാളല്ല. ഞാന്‍ പലപ്പോഴും എന്റെ തന്നെ ടീച്ചറാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും നല്ലത് സ്വയം തിരുത്താന്‍ ശ്രമിക്കുന്നതാണല്ലോ. എന്നെ ഞാന്‍ എന്തൊക്കെ പഠിപ്പിച്ചു എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് എന്റെ പ്രൊഡക്ഷന്‍.
ഒരിക്കലും ഞാന്‍ ആഗ്രഹിച്ച് നിര്‍മാണം ചെയ്ത സിനിമയായിരുന്നില്ല കടാവര്‍. എന്നിലേക്ക് ആ സിനിമ വന്നു ചേരുകയായിരുന്നു. അതില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിരുന്നു. അറിയാതെ അതിലേക്ക് വന്നതാണെങ്കിലും, അത് ചെയ്യാം എന്നത് എന്റെ മാത്രം തീരുമാനമായിരുന്നല്ലോ. ആ സിനിമയില്‍ നിന്നും വരാന്‍ സാധ്യതയുള്ള എല്ലാ പ്രശ്‌നങ്ങളും തിരിച്ചടികളും ഫേസ് ചെയ്യേണ്ടത് ഞാന്‍ തന്നെയാണ്.
എന്നെ ഞാന്‍ തന്നെ അങ്ങനെയൊരു പ്രൊസസിലൂടെ കടത്തിവിട്ടു. അതുകൊണ്ട് തന്നെ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. അല്ലാതെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അയ്യോ ഇതെന്താണ് എന്നും പറഞ്ഞ് ഓടി ഒളിച്ചിട്ട് കാര്യമില്ല. അതിനെ നമ്മള്‍ ഫേസ് ചെയ്യുക തന്നെ വേണം.
പ്രശ്‌നങ്ങളെ സ്വയം അതിജീവിക്കുക, അതില്‍ നിന്നും ശക്തമായി പുറത്തുവരിക, ജീവിതത്തില്‍ പുതിയ പാഠങ്ങള്‍ പഠിക്കുക. എന്റെ പ്രൊഡക്ഷന്‍ കമ്പിനി ചെയ്യാന്‍ പോകുന്ന അടുത്ത സിനിമ കടാവര്‍2 ആയിരിക്കും. അതിന്റെ ബാക്കി വര്‍ക്കൊക്കെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ തീര്‍ച്ചയായും ആ സിനിമ വരും.
ടീച്ചറിലെ ദേവിക എന്ന കഥാപാത്രത്തില്‍ നിന്നും പുറത്ത് വരാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടിവന്നു. എന്നാല്‍ ഞാനത് പുറത്ത് കാണിച്ചില്ല. കാരണം അതൊരു അഭിനേതാവിനെ സംബന്ധിച്ച് വലിയ തോല്‍വിയാണെന്നാണ് ഞാന്‍ കരുതുന്നത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ മനസിലാകും, അത്രയും അണ്‍പ്ലെസന്റായിട്ടുള്ള കഥാപാത്രമാണത്,’ അമല പോള്‍ പറഞ്ഞു.
അതിരന് ശേഷം വിവേക് സംവിധാനം ചെയ്ത ചിത്രമാണ് ടീച്ചര്‍. സമകാലിക പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സിനിമയില്‍ ദേവിക എന്ന സ്‌കൂള്‍ ടീച്ചറായിട്ടാണ് താരം വേഷമിടുന്നത്. മഞ്ജു പിള്ള, ഹക്കിം ഷാ, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
content highlight: amala paul talks about her new character in teacher movie