'അത് പോലെയൊന്ന് ചെയ്യാന്‍ എനിക്ക് പിന്നെ സാധിച്ചിട്ടില്ല' തന്റെ ഇഷ്ട മലയാള ചിത്രത്തെ കുറിച്ച് അമല പോള്‍
Entertainment
'അത് പോലെയൊന്ന് ചെയ്യാന്‍ എനിക്ക് പിന്നെ സാധിച്ചിട്ടില്ല' തന്റെ ഇഷ്ട മലയാള ചിത്രത്തെ കുറിച്ച് അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd July 2024, 8:56 pm

താന്‍ ചെയ്തിട്ടുള്ള മലയാള സിനിമകളെല്ലാം തനിക്ക് വളരെ സ്പെഷ്യലാണ് എന്ന് പറയുകയാണ് അമല പോള്‍. എല്ലാ സിനിമകള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ടെന്നും ആ സിനിമകളോടൊക്കെ തനിക്ക് അതിന്റേതായ ഇഷ്ടമുണ്ടെന്നും താരം പറയുന്നു. തന്റെ വരാനിരിക്കുന്ന ലെവല്‍ ക്രോസ് എന്ന സിനിമയുടെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമല പോള്‍.

‘ഞാന്‍ ചെയ്തിട്ടുള്ള മലയാള സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ എനിക്ക് എല്ലാം സ്പെഷ്യലാണ് എന്നതാണ് എന്റെ മറുപടി. കാരണം എല്ലാ സിനിമകള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. പിന്നെ ഞാന്‍ ആകെ കുറച്ച് സിനിമകളല്ലേ മലയാളത്തില്‍ ചെയ്തിട്ടുള്ളു. അതുകൊണ്ട് തന്നെയാകാം, ആ സിനിമകളോടൊക്കെ എനിക്ക് അതിന്റേതായ ഇഷ്ടമുണ്ട്.

റണ്‍ ബേബി റണ്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചത് രേണുക എന്ന കഥാപാത്രമായിട്ടാണ്. അതും ലാലേട്ടന്റെ കൂടെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. പിന്നെയുള്ളത് ഒരു ഇന്ത്യന്‍ പ്രണയകഥയാണ്. ഇപ്പോഴും ഒരു ഇന്ത്യന്‍ പ്രണയകഥ പോലെയൊരു സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ആ സിനിമക്ക് ശേഷം എനിക്ക് അത് പോലെയൊന്ന് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

ആ സിനിമ ശരിക്കും ഒരു മാജിക്കാണ്. എന്നാല്‍ എന്റെ ഓരോ സിനിമയും ഓരോ സമയത്തും കൊണ്ട് വരുന്ന മാജിക്കാണ്. പിന്നെ പറയാനുള്ളത് ആടുജീവിതത്തിലെ സൈനുവാണ്. അവള്‍ എന്നില്‍ നിന്ന് ഒരുപാട് വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. അത്തരത്തില്‍ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ എനിക്ക് ലഭിക്കുന്നത് വേറെ തന്നെയൊരു ത്രില്ലാണ്,’ അമല പോള്‍ പറയുന്നു.

Content Highlight: Amala Paul Talks About Her Favorite Malayalam Movie