ആ ഫഹദ് ചിത്രത്തില്‍ നായിക ആകേണ്ടിയിരുന്നത് ഞാന്‍; അദ്ദേഹം കഥ ആദ്യം പറഞ്ഞത് എന്നോട്: അമല പോള്‍
Entertainment
ആ ഫഹദ് ചിത്രത്തില്‍ നായിക ആകേണ്ടിയിരുന്നത് ഞാന്‍; അദ്ദേഹം കഥ ആദ്യം പറഞ്ഞത് എന്നോട്: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st July 2024, 7:53 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അമല പോള്‍. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരം കൂടെയാണ് അമല. മലയാളത്തില്‍ തനിക്ക് ചെയ്യാന്‍ കഴിയാതെ പോയ ഒരു സിനിമയെ കുറിച്ച് പറയുകയാണ് താരം. ആര്‍ട്ടിസ്റ്റ് എന്ന ഫഹദ് ഫാസില്‍ ചിത്രം സംവിധായകന്‍ ശ്യാമപ്രസാദ് ആദ്യം നരേറ്റ് ചെയ്തത് തന്നോടാണ് എന്നാണ് അമല പോള്‍ പറയുന്നത്.

ആ സിനിമയില്‍ ഫഹദ് ഒരു പെയിന്ററാണെന്നും തനിക്ക് പകരം നായികയായി എത്തിയ ആന്‍ അഗസ്റ്റിന് ആ കഥാപാത്രത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിരുന്നെന്നും താരം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമല പോള്‍.

‘മലയാളത്തില്‍ എനിക്ക് ചെയ്യാന്‍ പറ്റാതെ മിസ് ആയി പോയ ഒരു സിനിമയുണ്ട്. ശ്യാം പ്രസാദ് സാറിന്റെ ചിത്രമായിരുന്നു. ഫഹദും ആന്‍ അഗസ്റ്റിനും ചെയ്ത ഒരു സിനിമയാണ്. അതില്‍ ഫഹദ് ഒരു പെയിന്ററാണ്. ആനിന് അന്ന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിരുന്നു. ആ സിനിമയുടെ പേര് ഞാന്‍ മറന്നു പോയി. അത് ശ്യാം സാര്‍ ആദ്യം എന്നോടാണ് നരേറ്റ് ചെയ്തത്. സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷെ ഡേറ്റ് ക്ലാഷ് വന്നത് കാരണം എനിക്ക് ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല. തെലുങ്ക് സിനിമയുമായി ഡേറ്റ് ക്ലാഷ് വന്നതായിരുന്നു പ്രശ്‌നമായത്,’ അമല പോള്‍ പറഞ്ഞു.

ALSO READ: അന്ന് തമിഴില്‍ പാടിയ ശ്രേയ ഘോഷാല്‍ പാട്ടിന്റെ മലയാളം വേര്‍ഷനാണ് ഇഷ്ടമായതെന്ന് പറഞ്ഞു: ദീപക് ദേവ്

2013ല്‍ ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ട്ടിസ്റ്റ്. പരിതോഷ് ഉത്തം എഴുതിയ ഡ്രീംസ് ഇന്‍ പ്രഷ്യന്‍ ബ്ലൂ എന്ന നോവലില്‍ നിന്നുള്ള ഒരു അഡാപ്‌റ്റേഷനായിരുന്നു ഈ സിനിമ. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായി ഫഹദ് ഫാസിലും ഗായത്രിയായി ആന്‍ അഗസ്റ്റിനുമാണ് എത്തിയത്. ഇവര്‍ക്ക് പുറമെ ശ്രീറാം രാമചന്ദ്രന്‍, സിദ്ധാര്‍ത്ഥ ശിവ, ശ്രിന്ദ, കൃഷ്ണചന്ദ്രന്‍, വനിത എന്നിവരും സിനിമക്കായി ഒന്നിച്ചിരുന്നു.


Content Highlight: Amala Paul Talks About Fahadh Faasil’s Artist Movie