| Thursday, 28th March 2024, 4:57 pm

ആ ചിത്രം വലിയ പ്രശ്നമായതോടെയാണ് തിരക്കഥകൾ എടുക്കുന്നതിൽ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്: അമല പോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാണ് അമല പോൾ. വിവിധ ഭാഷകളിൽ സൂപ്പർസ്റ്റാറുകളോടൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള അമലയുടെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് പറയുകയാണ് അമല പോൾ. തമിഴിൽ താൻ ആദ്യമായി ചെയ്ത സിന്ധു സമവേലിയെന്ന ചിത്രം വലിയ വിവാദമായെന്നും ആ ചിത്രത്തിൽ അഭിനയിച്ചത് തന്റെ കുടുംബത്തിനും പ്രയാസമായെന്നും അമല പറയുന്നു. രണ്ടാമത്തെ ചിത്രമായ മൈനയുടെ പ്രൊമോഷനിലേക്ക് പോലും ആ കാരണത്താൽ തന്നെ വിളിച്ചില്ലെന്നും അമല പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അമല.

‘തീർച്ചയായും ഞാൻ പേടിച്ചിരുന്നു. കാരണം അതുണ്ടാക്കിയ ഒരു നെഗറ്റീവ് ഇമ്പാക്റ്റ് വളരെ വലുതായിരുന്നു. കരിയറിന്റെ തുടക്കമല്ലേ. അങ്ങനെയൊരാൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ.

അങ്ങനെയൊരു സിനിമ ചെയ്തത് കണ്ട് പപ്പയ്ക്കൊക്കെ വലിയ വിഷമമായി. എനിക്കന്ന് പതിനെട്ട്, പതിനേഴ് വയസ്സ് മാത്രമേയുള്ളൂ. നമ്മൾ അന്ന് സംവിധായകൻ പറയുന്ന രീതിയിലല്ലേ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് വരുമ്പോഴാണ് അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ പാടില്ല, മോശമാണ് അല്ലെങ്കിൽ അത് നമ്മുടെ സമൂഹം അംഗീകരികുന്ന ഒരു കാര്യമല്ല എന്നൊക്ക മനസിലാക്കുന്നത്. നമ്മൾ അങ്ങനെയാണല്ലോ പഠിക്കുന്നത്.

എല്ലാവരിലും ഉണ്ടാക്കിയ വിഷമം എന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ അതെന്റെ കരിയറിനെ എത്രത്തോളം ബാധിക്കുമെന്ന് ചിന്തിക്കാനുള്ള ബോധം അന്നില്ലായിരുന്നു. അതിന് ശേഷമാണ് മൈന സിനിമ വരുന്നത്,’അമല പോൾ പറയുന്നു.

സിനിമ വിവാദമായതോടെ തന്റെ അടുത്ത സിനിമയായ മൈനയുടെ പ്രൊമോഷന് പോലും തനിക്ക് പോവാൻ കഴിയാതെയായെന്നും അമല പോൾ പറഞ്ഞു.

ഈയൊരു സിനിമയുടെ വിവാദം കാരണം മൈനയുടെ തുടക്കത്തിലുള്ള പ്രൊമോഷനൊന്നും എന്നെ വിളിച്ചിരുന്നില്ല. ആ സമയത്ത് എനിക്ക് കമൽ സാറിന്റെയും രജിനിസാറിന്റെയുമെല്ലാം കോൾ വരുന്നുണ്ട്. പക്ഷെ എനിക്ക് ചെന്നൈയിലേക്ക് പോവാൻ കഴിയുന്നില്ല. അതൊന്നും കാണാനും അറിയാനും പറ്റുന്നില്ല. നല്ല വിഷമം തോന്നി.

ഒരു സിനിമ നല്ല ഹിറ്റായിട്ടും അതിന് വേണ്ട പരിഗണനയൊന്നും കിട്ടാതെ വന്നപ്പോൾ പ്രയാസം തോന്നി. പക്ഷെ സംവിധായകൻ എന്നെ പറഞ്ഞ് മനസിലാക്കി. പിന്നെ മൈന ഇറങ്ങിയ ശേഷം എല്ലാവരും മൈന എവിടെ എന്ന് ചോദിച്ച് എന്നെ അങ്ങോട്ട് തന്നെ വിളിച്ചു. സിന്ധു സമവേലിക്ക് ശേഷമാണ് ഞാൻ തിരക്കഥകൾ എടുക്കുന്നതിൽ ശ്രദ്ധിച്ചു തുടങ്ങിയത്,’ അമല പോൾ പറയുന്നു.

Content Highlight: Amala Paul Talk About Starting Of Her Film Career

We use cookies to give you the best possible experience. Learn more