| Tuesday, 19th March 2024, 4:55 pm

പൃഥ്വി എനിക്ക് നജീബാണ്, ആടുജീവിതത്തിൽ ഞാൻ നജീബിനെ മാത്രമാണ് കണ്ടത്: അമല പോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ചിത്രത്തിൽ നജീബിന്റെ സൈനുവായി എത്തുന്നത് നടി അമല പോളാണ്.

അമല പോളും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് തനിക്ക് നജീബാണെന്നും അങ്ങനെ കാണാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അമല പോൾ പറയുന്നു.

‘നല്ല കഴിവുള്ള നടനാണ് പൃഥ്വി. എന്നാൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ഒരു നടൻ എന്ന നിലയിൽ അത് എക്സ്പ്ലോർ ചെയ്തിട്ടുള്ളൂ. പൃഥ്വിയുടെ കൂടെയുള്ള എന്റെ ആദ്യത്തെ സിനിമയാണ് ആടുജീവിതം. പൃഥ്വി എനിക്ക് നജീബാണ് ആദ്യം. അതുകഴിഞ്ഞേയുള്ളൂ പൃഥ്വി. ആടുജീവിതത്തിലുള്ളത് നജീബാണ്.

ഷൂട്ട്‌ തുടങ്ങിയപ്പോൾ തൊട്ട് ഞാൻ കാണുന്നത് നജീബിനെയാണ്. എനിക്കിപ്പോഴും പൃഥ്വിയെ കാണുമ്പോൾ നജീബാണ്. ഞാൻ വളരെ കുറച്ച് ഷെഡ്യൂളിലെ പൃഥ്വിയെ കണ്ടിട്ടുള്ളൂ. ബാക്കി ഷെഡ്യൂളിൽ കൂടെ കണ്ടിരുന്നെങ്കിൽ അത് പൂർണമായി നജീബായെന്ന് തോന്നുമായിരുന്നു,’അമല പോൾ പറയുന്നു.

പൃഥ്വിരാജിന്റെ സിനിമകളിൽ പൃഥ്വിയെ തന്നെയാണ് ഭൂരിഭാഗം കാണാറുള്ളതെന്നും അങ്ങനെയല്ലാത്ത കുറച്ച് സിനിമകൾ മാത്രമേയുള്ളൂവെന്നും ആടുജീവിതം അത്തരത്തിൽ ഒരു ചിത്രമാണെന്നും അമല പറഞ്ഞു.

‘എനിക്ക് തോന്നുന്നത് പൃഥ്വിയുടെ ഭൂരിഭാഗം സിനിമകളിലും പൃഥ്വിയെ പൃഥ്വിയായി തന്നെയാണ് കാണുന്നത്. ക്ലാസ്സ്‌മേറ്റ്സ്, ഇന്ത്യൻ റുപ്പി അങ്ങനെയുള്ള കുറച്ച് സിനിമകളിലാണ് ഞാൻ കഥാപാത്രത്തെ കണ്ടിട്ടുള്ളത്. ആടുജീവിതം അത്തരത്തിൽ ഒരു ചിത്രമാണ്,’അമല പോൾ പറയുന്നു.

Content Highlight: Amala Paul Talk About Prithviraj’s Character In Aadujeevitham

Latest Stories

We use cookies to give you the best possible experience. Learn more