മലയാളികളെല്ലാം ആടുജീവിതത്തിനായി കാത്തിരിക്കുകയാണ്. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം റിലീസിന് ഒരുങ്ങുകയാണ്.
മലയാളികൾക്ക് വായനയുടെ പുതിയ ലോകം സമ്മാനിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി ചലച്ചിത്രമൊരുക്കുമ്പോൾ നജീബായി എത്തുന്നത് പൃഥ്വിരാജാണ്. നജീബിന്റെ സൈനുവായി അഭിനയിക്കുന്നത് അമല പോളാണ്.
അമല പോളും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് തനിക്ക് നജീബാണെന്നും അങ്ങനെ കാണാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അമല പോൾ പറയുന്നു.
പൃഥ്വിരാജിനെ വേണ്ടവിധത്തിൽ ഉപയോഗിച്ച ചിത്രങ്ങൾ വളരെ കുറവാണെന്നും ആടുജീവിതം അങ്ങനെയൊരു സിനിമയാണെന്നും അമല പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അമല പോൾ.
‘പൃഥ്വിയുടെ കൂടെയുള്ള എന്റെ ആദ്യത്തെ സിനിമയാണ് ആടുജീവിതം. പൃഥ്വി എനിക്ക് നജീബാണ് ആദ്യം. അതുകഴിഞ്ഞേയുള്ളൂ പൃഥ്വി. എനിക്ക് തോന്നുന്നത് പൃഥ്വിയുടെ ഭൂരിഭാഗം സിനിമകളിലും പൃഥ്വിയെ പൃഥ്വിയായി തന്നെയാണ് കാണുന്നത്. ക്ലാസ്സ്‌മേറ്റ്സ്, ഇന്ത്യൻ റുപ്പി അങ്ങനെയുള്ള കുറച്ച് സിനിമകളിലാണ് ഞാൻ കഥാപാത്രത്തെ കണ്ടിട്ടുള്ളത്.
നല്ല കഴിവുള്ള നടനാണ് പൃഥ്വി. എന്നാൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ഒരു നടൻ എന്ന നിലയിൽ അത് എക്സ്പ്ലോർ ചെയ്തിട്ടുള്ളൂ. ആടുജീവിതത്തിലുള്ളത് നജീബാണ്. ഷൂട്ട് തുടങ്ങിയപ്പോൾ തൊട്ട് ഞാൻ കാണുന്നത് നജീബിനെയാണ്. എനിക്കിപ്പോഴും പൃഥ്വിയെ കാണുമ്പോൾ നജീബാണ്.
ഞാൻ വളരെ കുറച്ച് ഷെഡ്യൂളിലെ പൃഥ്വിയെ കണ്ടിട്ടുള്ളൂ. ബാക്കി ഷെഡ്യൂളിൽ കൂടെ കണ്ടിരുന്നെങ്കിൽ അത് പൂർണമായി നജീബായെന്ന് തോന്നുമായിരുന്നു,’അമല പോൾ പറയുന്നു.
Content Highlight: Amala Paul Talk About Movies Of Prithviraj And Aadujeevitham