ആ ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം എന്നിൽ ചെലുത്തിയ സ്വാധീനം മറ്റൊരു തരത്തിലായിരുന്നു: അമല പോൾ
Entertainment
ആ ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം എന്നിൽ ചെലുത്തിയ സ്വാധീനം മറ്റൊരു തരത്തിലായിരുന്നു: അമല പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th March 2024, 8:16 am

ചെറുപ്പം തൊട്ട് തനിക്ക് സിനിമകൾ ഒരുപാട് ഇഷ്ടമാണെന്നും പല കഥാപാത്രങ്ങളും തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും അമല പോൾ പറയുന്നു.

മണിച്ചിത്രത്താഴ് കണ്ടപ്പോൾ ശോഭനയുടെ കഥാപാത്രം വലിയ രീതിയിൽ ഇൻഫ്ലുവൻസ് ചെയ്തിരുന്നുവെന്നും സിനിമയിലെ കഥകൾ സത്യമാണെന്ന് വിശ്വസിച്ചിരുന്നുവെന്നും അമല പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു താരം.

‘ചെറുപ്പം തൊട്ടേ സിനിമകൾ കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. എനിക്ക് വലിയ ക്യൂരിയോസിറ്റിയായിരുന്നു സിനിമയോട്. കുഞ്ഞിലെ അതൊരു സിനിമയാണ്, അല്ലെങ്കിൽ കെട്ടുകഥകളാണ് എന്നൊന്നും അറിയില്ലല്ലോ. അങ്ങനെയുള്ള കഥാപാത്രങ്ങൾ ഉണ്ടെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്.

ഞാൻ ഗന്ധർവൻ എന്ന സിനിമയൊക്കെ കണ്ടിട്ട് ഞാൻ കരുതിയത് പാലമരത്തിൽ നിന്ന് അങ്ങനെയൊരു ഗന്ധർവൻ വരുമെന്നായിരുന്നു. പാല മരത്തിന്റെ താഴെ പിള്ളേര് പോയി ഇരിക്കരുതെന്നൊക്കെ പറയുമായിരുന്നു. എന്നാലും ഞാൻ പോയി ഇരിക്കും, ഇനി അഥവാ ഗാന്ധർവൻ എങ്ങാനും വന്നാലോ എന്ന് വിചാരിച്ചിട്ട്.

അതുപോലെ മണിച്ചിത്രത്താഴൊക്കെ ഞാൻ ഒത്തിരി വട്ടം കണ്ടിട്ടുള്ള സിനിമയാണ്. അതിലെ ശോഭന ചേച്ചിയുടെ കഥാപാത്രമൊക്കെ എന്നിൽ ഉണ്ടാക്കിയ സ്വാധീനം ഉറപ്പായും സാധാരണ രീതിയിൽ അല്ലായിരുന്നു. അതുപോലെ കുറേ സിനിമപാട്ടുകൾ ഡയറിയിൽ എഴുതിവെക്കും. എന്റേതായ ഒരു മായ ലോകത്തേക്ക് ഞാൻ പോവുമായിരുന്നു. ഞാൻ എന്നെ ആ കഥാപാത്രമായിട്ട് കരുതുമായിരുന്നു.

സിനിമ എന്റെ ജീവിതത്തിലേക്ക് വരുമെന്നും ഞാൻ നടിയാവുമെന്നും ഞാൻ കരുതിയില്ല. ഒരു ആൽബം ഷൂട്ട്‌ ചെയ്തപ്പോഴാണ് ക്യാമറയുമായി ആദ്യത്തെ പരിചയം ഉണ്ടാവുന്നത്. അത് ചെയ്തപ്പോൾ എനിക്കൊരുപാട് താത്പര്യം തോന്നി. ഞാൻ നന്നായി എൻജോയ് ചെയ്യുന്ന പോലെ തോന്നി. അങ്ങനെ ഞാൻ ഒരുപാട് ആഗ്രഹിച്ച്, ശ്രമിച്ച് ഇവിടെ വരെയെത്തി,’അമല പോൾ പറയുന്നു.

മലയാളികൾ കാത്തിരിക്കുന്ന ആടുജീവിതമാണ് അമല പോൾ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ബ്ലെസി ഒരുക്കുന്ന ചിത്രത്തിൽ നജീബായി പൃഥ്വിരാജ് എത്തുമ്പോൾ സൈനുവായി അഭിനയിക്കുന്നത് അമല പോളാണ്.

Content Highlight: Amala Paul Talk About Manichithrathazu Movie