തന്റെ കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച സിന്ധു സമവേലിയെന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് നടി അമല പോൾ. വലിയ വിവാദമായ ചിത്രമായിരുന്നു സാമി സംവിധാനം ചെയ്ത് 2010ൽ ഇറങ്ങിയ സിന്ധു സമവേലി.
ചിത്രത്തിനെതിരെ ഉയർന്നു വന്ന വിമശനങ്ങൾ തന്നെ ഭയപ്പെടുത്തിയിരുന്നുവെന്നും സിനിമ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചെല്ലാം അന്നാണ് താൻ പഠിക്കുന്നതെന്നും അമല പോൾ പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അമല.
‘തീർച്ചയായും ഞാൻ പേടിച്ചിരുന്നു. കാരണം അതുണ്ടാക്കിയ ഒരു നെഗറ്റീവ് ഇമ്പാക്റ്റ് വളരെ വലുതായിരുന്നു. കരിയറിന്റെ തുടക്കമല്ലേ. അങ്ങനെയൊരാൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ.
ആ സിനിമ കണ്ട് കഴിഞ്ഞപ്പോൾ പപ്പയ്ക്കൊക്കെ വലിയ വിഷമമായി അങ്ങനെയൊരു സിനിമ ചെയ്തത്. എനിക്കന്ന് പതിനെട്ട്, പതിനേഴ് വയസ്സ് മാത്രമേയുള്ളൂ. നമ്മൾ അന്ന് സംവിധായകൻ പറയുന്ന രീതിയിലല്ലേ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് വരുമ്പോഴാണ് അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ പാടില്ല, മോശമാണ് അല്ലെങ്കിൽ അത് നമ്മുടെ സമൂഹം അംഗീകരികുന്ന ഒരു കാര്യമല്ല എന്നൊക്ക മനസിലാക്കുന്നത്. നമ്മൾ അങ്ങനെയാണല്ലോ പഠിക്കുന്നത്.
എല്ലാവരിലും ഉണ്ടാക്കിയ വിഷമം എന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ അതെന്റെ കരിയറിനെ എത്രത്തോളം ബാധിക്കുമെന്ന് ചിന്തിക്കാനുള്ള ബോധം അന്നില്ലായിരുന്നു. അതിന് ശേഷമാണ് മൈന സിനിമ വരുന്നത്,’അമല പോൾ പറയുന്നു.
സിനിമ വിവാദമായതോടെ തന്റെ അടുത്ത സിനിമയായ മൈനയുടെ പ്രൊമോഷന് പോലും തനിക്ക് പോവാൻ കഴിയാതെയായെന്നും അമല പോൾ പറഞ്ഞു.
ഈയൊരു സിനിമയുടെ വിവാദം കാരണം മൈനയുടെ തുടക്കത്തിലുള്ള പ്രൊമോഷനൊന്നും എന്നെ വിളിച്ചിരുന്നില്ല. ആ സമയത്ത് എനിക്ക് കമൽ സാറിന്റെയും രജിനിസാറിന്റെയുമെല്ലാം കോൾ വരുന്നുണ്ട്. പക്ഷെ എനിക്ക് ചെന്നൈയിലേക്ക് പോവാൻ കഴിയുന്നില്ല. അതൊന്നും കാണാനും അറിയാനും പറ്റുന്നില്ല. നല്ല വിഷമം തോന്നി.
ഒരു സിനിമ നല്ല ഹിറ്റായിട്ടും അതിന് വേണ്ട പരിഗണനയൊന്നും കിട്ടാതെ വന്നപ്പോൾ പ്രയാസം തോന്നി. പക്ഷെ സംവിധായകൻ എന്നെ പറഞ്ഞ് മനസിലാക്കി. പിന്നെ മൈന ഇറങ്ങിയ ശേഷം എല്ലാവരും മൈന എവിടെ എന്ന് ചോദിച്ച് എന്നെ അങ്ങോട്ട് തന്നെ വിളിച്ചു. സിന്ധു സമവേലിക്ക് ശേഷമാണ് ഞാൻ തിരക്കഥകൾ എടുക്കുന്നതിൽ ശ്രദ്ധിച്ചു തുടങ്ങിയത്,’ അമല പോൾ പറയുന്നു.
Content Highlight: Amala Paul Talk About Her Life After Sindhu Samaveli Movie Release