| Saturday, 31st August 2024, 1:09 pm

സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരണം, ഡബ്ല്യൂ.സി.സി നന്നായി പ്രയത്നിച്ചു; ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുണ്ടാക്കിയെന്ന് അമല പോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ നടിമാരുടെ ആരോപണങ്ങളിൽ നീതി നടപ്പാകണമെന്ന് അമല പോൾ. താരസംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുണ്ടാക്കിയെന്നും അമല പോൾ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് കൊണ്ടുവരുന്നതിൽ ഡബ്ബ്യൂ.സി.സി ഒരുപാട് പ്രയത്നിച്ചെന്നും അമല പോൾ കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അമല പോൾ.

‘നിങ്ങളെ എല്ലാവരെയും പോലെ ഞാനും ഞെട്ടലിലാണ്. വളരെ ഡിസ്റ്റർബ്ഡായിട്ടുള്ള കാര്യങ്ങളാണ് പുറത്തുവന്നത്. ഒരിക്കലും പ്രതീക്ഷീക്കാത്ത പലരുടെയും കാര്യങ്ങൾ നമ്മൾ അറിഞ്ഞു. ഇതിനെല്ലാം ഒരു ക്ലാരിഫിക്കേഷൻ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിന് വേണ്ട പ്രാധാന്യം തീർച്ചയായും കിട്ടണം. നിയമപരമായി ഒരു ജസ്റ്റിഫിക്കേഷൻ അതിനുണ്ടാവണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.

ഇത് പുറത്തുകൊണ്ടുവന്നതിൽ സ്ത്രീകളുടെ ഒരു സ്ട്രോങ്ങ്‌ ഗ്രൂപ്പുണ്ട്. വിമൻ ഇൻ കളക്റ്റീവ് സിനിമ. അവർ അതിനായി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. നമ്മുടെ നിയമ വ്യവസ്ഥയുടെയെല്ലാം സഹായം കൊണ്ടാണ് അത് പുറത്തേക്ക് വന്നത്. തീർച്ചയായും ഇതിന് നല്ലൊരു റിസൾട്ട് തന്നെയുണ്ടാവും.

എല്ലായിടത്തേക്കും സ്ത്രീകൾ വരണം. അമ്പത് ശതമാനം സ്ത്രീകൾ എല്ലായിടത്തും വരണം. ഇനി ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ സംഘടനയുടെ മുൻതലത്തിൽ സ്ത്രീകൾ തന്നെ ഉണ്ടാവണം എന്നാണ് ഞാനും പറയുന്നത്,’അമല പോൾ പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നാടകീയമായ സംഭവങ്ങളാണ് മലയാള സിനിമയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വെച്ചിരുന്നു.

ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടൻ സുധീഷിനെതിരെയും ഇടവേള ബാബുവിനെതിരെയും ഇന്ന് കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

Content Highlight: Amala Paul Talk About Hema Committee Report And Malayalam Cinema

We use cookies to give you the best possible experience. Learn more