തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാണ് അമല പോൾ. വിവിധ ഭാഷകളിൽ സൂപ്പർസ്റ്റാറുകളോടൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള അമല തനിക്ക് സിനിമയോടുള്ള ആഗ്രഹം ഉണ്ടായതിനെ കുറിച്ച് പറയുകയാണ്.
ചെറുപ്പത്തിൽ സിനിമകൾ കാണുമ്പോൾ കഥകൾ സത്യമാണെന്ന് വിശ്വസിച്ചിരുന്നുവെന്നും മണിച്ചിത്രത്താഴൊക്കെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും അമല പോൾ പറയുന്നു. മാത്രഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ചെറുപ്പം തൊട്ടേ സിനിമകൾ കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. എനിക്ക് വലിയ ക്യൂരിയോസിറ്റിയായിരുന്നു സിനിമയോട്. കുഞ്ഞിലെ അതൊരു സിനിമയാണ്, അല്ലെങ്കിൽ കെട്ടുകഥകളാണ് എന്നൊന്നും അറിയില്ലല്ലോ. അങ്ങനെയുള്ള കഥാപാത്രങ്ങൾ ഉണ്ടെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്.
ഞാൻ ഗന്ധർവൻ എന്ന സിനിമയൊക്കെ കണ്ടിട്ട് ഞാൻ കരുതിയത് പാലമരത്തിൽ നിന്ന് അങ്ങനെയൊരു ഗന്ധർവൻ വരുമെന്നായിരുന്നു.
പാല മരത്തിന്റെ താഴെ പിള്ളേര് പോയി ഇരിക്കരുതെന്നൊക്കെ പറയുമായിരുന്നു. എന്നാലും ഞാൻ പോയി ഇരിക്കും, ഇനി അഥവാ ഗന്ധർവൻ എങ്ങാനും വന്നാലോ എന്ന് വിചാരിച്ചിട്ട്.
അതുപോലെ മണിച്ചിത്രത്താഴൊക്കെ ഞാൻ ഒത്തിരി വട്ടം കണ്ടിട്ടുള്ള സിനിമയാണ്. അതിലെ ശോഭന ചേച്ചിയുടെ കഥാപാത്രമൊക്കെ എന്നിൽ ഉണ്ടാക്കിയ സ്വാധീനം ഉറപ്പായും സാധാരണ രീതിയിൽ അല്ലായിരുന്നു. അതുപോലെ കുറേ സിനിമപാട്ടുകൾ ഡയറിയിൽ എഴുതിവെക്കും. എന്റേതായ ഒരു മായ ലോകത്തേക്ക് ഞാൻ പോവുമായിരുന്നു. ഞാൻ എന്നെ ആ കഥാപാത്രമായിട്ട് കരുതുമായിരുന്നു.
സിനിമ എന്റെ ജീവിതത്തിലേക്ക് വരുമെന്നും ഞാൻ നടിയാവുമെന്നും ഞാൻ കരുതിയില്ല. ഒരു ആൽബം ഷൂട്ട് ചെയ്തപ്പോഴാണ് ക്യാമറയുമായി ആദ്യത്തെ പരിചയം ഉണ്ടാവുന്നത്. അത് ചെയ്തപ്പോൾ എനിക്കൊരുപാട് താത്പര്യം തോന്നി. ഞാൻ നന്നായി എൻജോയ് ചെയ്യുന്ന പോലെ തോന്നി. അങ്ങനെ ഞാൻ ഒരുപാട് ആഗ്രഹിച്ച്, ശ്രമിച്ച് ഇവിടെ വരെയെത്തി,’അമല പോൾ പറയുന്നു.
Content Highlight: Amala Paul Talk About Character Of Shobhana In Manichithrathazhu