മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ചിത്രത്തിൽ നജീബിന്റെ സൈനുവായി എത്തുന്നത് നടി അമല പോളാണ്.
സംവിധായകൻ ബ്ലെസിയെ കുറിച്ച് സംസാരിക്കുകയാണ് അമല പോൾ. സിനിമയ്ക്ക് വേണ്ടി ഒരു വിറ്റുവീഴ്ച്ചയും ചെയ്യാത്ത സംവിധായകനാണ് ബ്ലെസിയെന്നും വേണ്ടത് കിട്ടിയില്ലെങ്കിൽ അദ്ദേഹം ആകെ മാറുമെന്നും അമല പോൾ പറയുന്നു. ബ്ലെസി ഒരു അത്ഭുതമാണെന്നും റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിൽ അമല പറഞ്ഞു.
സിനിമയിൽ ഒരുപാട് ടെക്നിഷ്യൻമാരുണ്ട്. റസൂൽക്ക ഒരു ഓസ്കാർ വിന്നറാണ്. ഓരോ സീൻ എടുക്കുമ്പോഴും അത്രയും നിശബ്ദതയായിരിക്കും. ഒന്ന് രണ്ട് കിലോമീറ്റർ ദൂരത്ത് തന്നെ എന്തെങ്കിലും ശബ്‌ദം വന്നാൽ മൈക്കത് പിടിച്ചെടുക്കും. ആ സൈലന്റ്സ് വരുന്ന വരെ അദ്ദേഹം ഷൂട്ട് ചെയ്യില്ല. അഭിനേതാക്കളെല്ലാവരും അവരുടെ പൊസിഷനിൽ തയ്യാറായിരിക്കും.
അത്രയും സമയം നമ്മൾ നിൽക്കണം. ഒന്നിനും കോംപ്രമൈസ് ചെയ്യുന്ന ഒരാളല്ല ബ്ലെസി സാർ. വേണ്ടത് കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നൊരു അന്യൻ പുറത്തേക്ക് വരും. ഞാൻ അതൊക്കെ കണ്ടിട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്,’അമല പോൾ പറയുന്നു.
ബ്ലെസിയുടെ നിർദ്ദേശങ്ങൾ പൂർണമായി ഉൾകൊള്ളാനുള്ള കപ്പാസിറ്റി തനിക്കില്ലെന്നും മോഹൻലാലും മമ്മൂട്ടിയുമെല്ലാം അത് ചെയ്തിട്ടുണ്ടാവുമെന്നും അമല കൂട്ടിച്ചേർത്തു.
‘ശരിക്കും അദ്ദേഹം ഒരു അത്ഭുതം തന്നെയാണ്. എനിക്കത് ഉൾകൊള്ളാൻ മാത്രമുള്ള കപ്പാസിറ്റിയുണ്ടെന്ന് തോന്നുന്നില്ല.
ബ്ലെസി സാർ പറയുന്ന അത്രയും ഡെപ്ത്തിൽ നമുക്ക് പെർഫോം ചെയ്യാൻ പറ്റി കഴിഞ്ഞാൽ അതൊരു വലിയ കാര്യമാണ്. എനിക്ക് തോന്നുന്നത് ലാലേട്ടനും മമ്മൂക്കയുമൊക്കെ അതായിരിക്കും ചെയ്തിട്ടുണ്ടാവുക. അത്രയും ആത്മാർത്ഥമായാണ് എല്ലാ ടെക്നീഷ്യൻമാരും വർക്ക് ചെയ്യുന്നത്,’അമല പോൾ പറയുന്നു.
Content Highlight: Amala Paul Talk About Blessy’s Film Making