| Monday, 18th March 2024, 10:52 am

അദ്ദേഹം അഭിനയിക്കുന്നത് കണ്ട് നാണം വന്നു, ഞാനൊരു പെണ്ണാണോ ആ മനുഷ്യൻ ചെയ്യുന്നത് കണ്ടില്ലേയെന്ന് തോന്നി: അമല പോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം.

ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. നജീബായി പൃഥ്വിരാജ് എത്തുമ്പോൾ സൈനുവായി എത്തുന്നത് അമല പോളാണ്.

കാലങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് അമല പോൾ. മലയാളത്തിൽ സൂപ്പർ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള അമല ആടുജീവിതത്തിലൂടെ വീണ്ടും ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്. സംവിധായകൻ ബ്ലെസിയെ കുറിച്ച് സംസാരിക്കുകയാണ് അമല പോൾ. ബ്ലെസി ഒരു മികച്ച അഭിനേതാവാണെന്നും സൈനുവെന്ന കഥാപാത്രത്തെ അദ്ദേഹം അഭിനയിച്ചു കാണിക്കുന്നത് കണ്ട് താൻ ഞെട്ടി പോയെന്നും അമല പറയുന്നു.

ഒരു കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ തിരക്കഥയിൽ ഇല്ലാത്തതും അദ്ദേഹം പറയുമെന്നും അത് വലിയ രീതിയിൽ സഹായിക്കുമെന്നും അമല പറഞ്ഞു. റേഡിയോ മംഗോയോട് സംസാരിക്കുകയായിരുന്നു താരം.

‘ബ്ലെസി സാർ ഒരു കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ അതിന്റെ ബാക്ക്ഗ്രൗണ്ടിനെ കുറിച്ച് വിശദമായി പറഞ്ഞുതരും. കഥയിൽ ഇല്ലാത്ത കാര്യങ്ങളടക്കം അദ്ദേഹം പറഞ്ഞ് തരും. അതുപോലെ അഭിനയിച്ചു കാണിക്കും.

ബ്ലെസി സാർ എന്ത് ഗംഭീര അഭിനേതാവാണെന്ന് അറിയാമോ. നജീബ് എന്ന കഥാപാത്രത്തെ അഭിനയിച്ചു കാണിക്കുന്നത് നമുക്ക് മാനസിലാക്കാം. ഒരു ആണെന്ന നിലയിൽ ആ മാനറിസവും എല്ലാം കാണിച്ചു കൊടുക്കാൻ സാധിക്കും.

എന്നാൽ എന്നെ ഞെട്ടിച്ചത് സൈനുവിനെ അഭിനയിച്ച് കാണിക്കുന്നതാണ്. അത് അതി ഗംഭീരമാണ്. എനിക്ക് തന്നെ നാണം വന്നുപോയി അത് കണ്ടിട്ട്. ഞാനൊരു പെണ്ണാണോ ഇത് കണ്ടില്ലേ ആ മനുഷ്യൻ ചെയ്യുന്നത് എന്നാണ് ഞാൻ ചിന്തിച്ചത്.

നല്ല ഫ്ലെക്സിബിളായിട്ട് ആ ഒരു നാണമൊക്കെ അതുപോലെ കാണിച്ചിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. എൺപതുകളിലെ ഒരു മുസ്‌ലിം കുട്ടിയാണ് സൈനു. നമ്മൾ ഈ പടം ഷൂട്ട്‌ ചെയ്യുന്നത് 2018ലാണ്. അതുകൊണ്ട് നമ്മുടെ ശരീരവും വയസുമെല്ലാം വളരെ വ്യത്യസ്തമാണ്. എന്നാൽ നമ്മളെ ആ കഥാപാത്രത്തിലേക്ക് മാടി വിളിക്കുകയാണ് ബ്ലെസി ചേട്ടൻ.

നാണമാണെങ്കിലും, സംസാരിക്കുന്ന രീതിയാണെങ്കിലും എല്ലാം അതുപോലെ ഒരുപാട് ബാക്ക്ഗ്രൗണ്ട് കഥകൾ പറഞ്ഞു തന്നു. അതൊന്നും തിരക്കഥയിൽ ഉണ്ടാവില്ല.ആ നരേഷൻ കേട്ടാൽ തന്നെ കഥാപാത്രത്തിലേക്ക് നമുക്ക് എളുപ്പത്തിൽ വരാൻ കഴിയും,’അമല പോൾ പറയുന്നു.

Content Highlight: Amala Paul Talk About Blessy

We use cookies to give you the best possible experience. Learn more