ആടുജീവിതത്തിന്റെ ഹണിമൂൺ പേസിലായിരുന്നു ഞാൻ, പൃഥ്വിയുടെ മാറ്റം കണ്ട് ശരിക്കും ഞെട്ടി: അമല പോൾ
Entertainment
ആടുജീവിതത്തിന്റെ ഹണിമൂൺ പേസിലായിരുന്നു ഞാൻ, പൃഥ്വിയുടെ മാറ്റം കണ്ട് ശരിക്കും ഞെട്ടി: അമല പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th March 2024, 7:51 am

മലയാള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

മലയാളത്തിൽ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീർത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി അമല പോൾ. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ പങ്കാളിയായി എത്തുന്നത് അമലയാണ്. ഒരു ഇടവേളക്ക് ശേഷം അമല മലയാളത്തിൽ ചെയ്യുന്ന കഥാപാത്രം കൂടെയാണ് ആടുജീവിതത്തിലെ വേഷം.

ആടുജീവിതത്തിന്റെ ഹണിമൂൺ പേസിലുള്ള ആളാണ് താനെന്നും ഏറ്റവും നല്ല സമയമാണ് ചിത്രത്തിൽ നിന്ന് തനിക്ക് കിട്ടിയതെന്നും അമല പോൾ പറയുന്നു. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാൻസ്‌ഫോർമേഷൻ കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ചിത്രം പ്രേക്ഷകർക്ക് ഒരുപാട് കണക്റ്റ് ആവുമെന്നും അമല പറഞ്ഞു. ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അമല പോൾ.

‘ആടുജീവിതത്തിന്റെ ഹണിമൂൺ പേസിലുള്ള ആളാണ് ഞാൻ. എനിക്ക് ഏറ്റവും നല്ല സമയമായിരുന്നു ആടുജീവിതത്തിൽ കിട്ടിയത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂളിലാണ് ഞാൻ അഭിനയിച്ചിരുന്നത്.

കഥാപാത്രത്തിനായി പൃഥ്വി നടത്തിയ ട്രാൻസ്‌ഫോർമേഷൻ കണ്ടപ്പോൾ ശരിക്കും ഞെട്ടി. എല്ലാ സീനുകളും കാണുമ്പോൾ എനിക്ക് വലിയ ഇമോഷണൽ അറ്റാച്ച്മെന്റ് തോന്നി. അതെന്തായാലും പ്രേക്ഷകർക്ക് വർക്കാവുമെന്ന് ഉറപ്പാണ്,’അമല പോൾ പറയുന്നു.

മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.എ. ആർ റഹ്മനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റസൂല്‍ പൂക്കുട്ടി സൗണ്ട് മിക്‌സിങ് നിര്‍വഹിക്കുന്നു. സുനില്‍ കെ.എസാണ് ഛായാഗ്രഹണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

Content Highlight: Amala Paul Talk About Aadujeevitham Movie