ടീച്ചേഴ്‌സുമൊത്ത് ഡേറ്റിന് പോകുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്; അത് അത്ര വലിയ തെറ്റല്ല: അമല പോള്‍
Movie Day
ടീച്ചേഴ്‌സുമൊത്ത് ഡേറ്റിന് പോകുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്; അത് അത്ര വലിയ തെറ്റല്ല: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd December 2022, 12:27 pm

അതിരന് ശേഷം വിവേക് സംവിധാനം ചെയ്ത ചിത്രമായ ടീച്ചറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടി അമല പോള്‍. ഒരിടവേളയ്ക്ക് ശേഷമാണ് അമല മലയാള സിനിമയില്‍ അഭിനയിക്കുന്നത്.

റിവഞ്ച് ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറായ ദേവിക എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ശാരീരികമായും മാനസികമായും അപമാനിക്കപ്പെടുന്ന ഒരു സ്ത്രീയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രാദയത്തെ കുറിച്ചും ടീച്ചര്‍ വിദ്യാര്‍ത്ഥി ബന്ധത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അമല പോള്‍. അധ്യാപകരെ പേര് വിളിക്കുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചും അധ്യാപകരുമൊത്ത് ഡേറ്റിന് പോകുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിനാണ് അമല കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുന്നത്.

‘ ഇപ്പോഴത്തെ എഡ്യുക്കേഷന്‍ സിസ്റ്റം എങ്ങനെയാണ് പോകുന്നത് എന്ന് എനിക്കറിയല്ല. പക്ഷേ ഞാന്‍ മനസിലാക്കിയ പ്രകാരം ഞാനൊക്കെ പഠിച്ചിരുന്ന സമയത്തേക്കാള്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട് എന്നാണ്. അവര്‍ കുറച്ചുകൂടി ഇന്‍ഡിപെന്റന്റ് ആണ്.

ഞങ്ങളുടെയൊക്കെ സമയത്ത് കുറച്ചുകൂടി ബൗണ്ടറികള്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെ അടിക്കുക അതുപോലെ ടീച്ചേഴ്‌സിന് വിദ്യാര്‍ത്ഥികളെ എന്ത് വേണമെങ്കിലും പറയാം അങ്ങനെയൊക്കെ ഉണ്ടായിരുന്നു. ട്രോമറ്റൈസ്ഡ് എക്‌സ്പീരിയന്‍സിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്.

എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നാണ് മനസിലാക്കുന്നത്. എന്റെ സുഹൃത്തിന്റെ ഒരു മകളുണ്ട്. അവന്‍ പുറത്താണെങ്കില്‍ മകളെ ഫോണില്‍ വിളിക്കുമ്പോള്‍ അവള്‍ ടിവി കണ്ടുകൊണ്ടിരിക്കുന്ന സമയമാണെങ്കില്‍ ‘ഡാഡീ അയാം വാച്ചിങ് ഫിലിം, കാന്‍ യു കോള്‍ മീ ലേറ്റര്‍’ എന്ന് പറയുന്ന ഒരു ഹെല്‍ത്തി ബൗണ്ടറി ഇപ്പോഴത്തെ പിള്ളേര്‍ക്കുണ്ട്. അത് വളരെ നല്ലതാണ്.

സ്‌കൂളുകളിലും അതുണ്ടെന്നാണ് ഞാനറിയുന്നത്. പിന്നെ ടീച്ചേഴ്‌സിനെ ഡേറ്റിന് കൊണ്ടുപോകുന്നതിനെ കുറിച്ച് പറഞ്ഞാല്‍ അങ്ങനെയുള്ള ഒരു സുഹൃത്ത് എനിക്ക് തന്നെയുണ്ട്. അത് അത്ര വലിയ പ്രശ്‌നമാണെന്ന് എനിക്ക് തോന്നുന്നില്ല. കോളേജിലൊക്കെ എത്തുമ്പോഴേക്ക് ടീച്ചേഴ്‌സും സ്റ്റുഡന്‍സും തമ്മില്‍ അത്ര വലിയ ഡിഫ്രന്‍സ് ഒന്നും ഇല്ല.

എന്റെ കോളേജില്‍ പഠിപ്പിച്ച ഒരു മിസ്സുണ്ട്, എന്റെ ബെസ്റ്റ് ഫ്രണ്ടിനെ പോലെയായിരുന്നു ആ മിസ്സ്. കാരണം അവരും നമ്മളുമായി അത്ര വലിയ പ്രായവ്യത്യാസമൊന്നും ഉണ്ടാവില്ല. അത് എത്രത്തോളം ഹെല്‍ത്തിയാണ് എത്രത്തോളം പോസിറ്റീവാണ് എന്നതിലൊക്കെയേ കാര്യമുള്ളൂ. അതേസമയം നെഗറ്റീവ് എക്‌സ്പീരിയന്‍സ് ചെയ്യുന്ന ടീച്ചേഴ്‌സും സ്റ്റുഡന്റ്‌സും ഉണ്ട്. ഈ സിനിമയിലും നമ്മള്‍ ടച്ച് ചെയ്യാന്‍ ശ്രമിക്കുന്നത് വളരെ ഇന്റന്‍സ് ആയ ടോപ്പിക്കാണ്,’ അമല പോള്‍ പറഞ്ഞു.

മഞ്ജു പിള്ള, ഹക്കീം ഷാ ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വിറ്റിവി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിച്ചത്. അന്‍വര്‍ അലി, യുഗഭാരതി എന്നിവരാണ് ചിത്രത്തിനായി ഗാനമൊരുക്കിയത്. സംഗീതം ഡോണ്‍ വിന്‍സെന്റ്.

Content Highlight: Amala Paul About todays Teacher Students Relation