125 അടി ഉയരമുള്ള പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുന്ന സീന്‍ ആറു തവണ പൃഥ്വിയെക്കൊണ്ട് ചെയ്യിച്ചു: അമല പോള്‍
Entertainment
125 അടി ഉയരമുള്ള പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുന്ന സീന്‍ ആറു തവണ പൃഥ്വിയെക്കൊണ്ട് ചെയ്യിച്ചു: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th March 2024, 8:23 pm

10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിങിനുമൊടുവില്‍ ആടുജീവിതം റിലീസിന് തയാറെടുക്കുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സിനിമക്ക് വേണ്ടി പൃഥ്വി 30 കിലോയോളം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട നോവലുകളില്‍ ഒന്നായ ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് അമലാ പോളാണ്. നോവലിലെ സൈനു എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ബ്ലെസിയുമായും പൃഥ്വിരാജുമായുള്ള ഷൂട്ടിങ് എക്‌സ്പീരിയന്‍സ് മറക്കാന്‍ കഴിയാത്തതാണെന്നും, രണ്ട് പേരും സീനിന്റെ പെര്‍ഫക്ഷനു വേണ്ടി എത്ര തവണ വേണമെങ്കിലും കഷ്ടപ്പെടുന്നവരാണെന്നും അമല പോള്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്.

‘2018ലാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമാകുന്നത്. നോവലില്‍ സൈനു എന്ന കഥാപാത്രം ഒരൊറ്റ ഭാഗത്ത് മാത്രമേ വന്നുപോകുന്നുള്ളൂ. എന്നാല്‍ ഈ സിനിമയില്‍ ബ്ലെസി സാര്‍ സൈനു എന്ന കഥാപാത്രത്തിന് കുറച്ചുകൂടി പ്രാധാന്യം നല്‍കുന്നുണ്ട്. ഈ സിനിമയുടെ സെറ്റ് പുതിയൊരു എക്‌സ്പീരിയന്‍സായിരുന്നു. 1990കളിലുള്ള ഒരു മുസ്‌ലിം കഥാപാത്രമാണ് എന്റേത്. ഇങ്ങനെ ഒരു വേഷം ഇതിന് മുമ്പ് ഞാന്‍ ചെയ്തിട്ടില്ല.

ബ്ലെസി സാറും പൃഥ്വിയും ഡെഡ്‌ലി ഡേഞ്ചറസ് ആയിട്ടുള്ള കോമ്പോയാണ്. രണ്ടുപേരും സീനിന്റെ പെര്‍ഫക്ഷന് വേണ്ടി എന്തും ചെയ്യും. സിനിമയില്‍ പൃഥ്വി ഒരു പാലത്തിന്റെ മുകളില്‍ നിന്ന് പുഴയിലേക്ക് ഡൈവ് ചെയ്യുന്ന സീനുണ്ട്. 125 അടി ഉയരമുള്ള പാലത്തില്‍ നിന്ന് വേണം ചാടാന്‍. ആ സീനില്‍ ഞാനുമുണ്ട്. അതെടുത്ത ദിവസം ഞാന്‍ കുറച്ച് ലേറ്റ് ആയിട്ടാണ് സെറ്റില്‍ എത്തിയത്. പൃഥ്വി ചാടുന്ന സീന്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നു.

ഞാന്‍ എത്തുന്ന സമയത്തും അതേ ഷോട്ട് റീടേക്ക് എടുക്കുകയായിരുന്നു. എത്ര തവണ ചാടിയിട്ടും ശരിയാവുന്നില്ല. റീടേക്ക് എടുക്കാമെന്ന് ബ്ലെസി സാര്‍ പറയും, പൃഥ്വി ഓക്കെ പറയും. ഞാന്‍ ചെന്നപ്പോള്‍ അടുത്ത ടേക്കിന്റെ ഇടയിലുളള ബ്രേക്ക് ആയിരുന്നു. പൃഥ്വി യാതൊരു മടുപ്പും ഇല്ലാതെ ചായയും പഴംപൊരിയും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എത്ര ടേക്ക് എടുത്തു എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അഞ്ച് തവണ ചായയും പഴംപൊരിയും കഴിച്ചു, ഇനി ഒരു രണ്ട് തവണ കൂടെ ചായ കുടിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് പൃഥ്വി പറഞ്ഞു. രണ്ട് പേരും എത്ര റിസ്‌ക് വേണമെങ്കിലും റെഡിയാണെന്ന് എനിക്കപ്പോള്‍ മനസിലായി,’ അമല പറഞ്ഞു.

Content Highlight: Amala Paul shares the experience of a risky shot in Aadujeevitham