10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിങിനുമൊടുവില്‍ ആടുജീവിതം റിലീസിന് തയാറെടുക്കുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സിനിമക്ക് വേണ്ടി പൃഥ്വി 30 കിലോയോളം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട നോവലുകളില്‍ ഒന്നായ ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് അമലാ പോളാണ്. നോവലിലെ സൈനു എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് സമയത്ത് ഒരു ഡയലോഗിന്റെ 12 വേരിയേഷനില്‍ ഡബ്ബ് ചെയ്യേണ്ടി വന്നുവെന്നും ഡബ്ബിങ് തീര്‍ത്ത് പുറത്തേക്കോടി ഗാര്‍ഡനില്‍ ചെന്നിരുന്നപ്പോഴാണ് ആശ്വാസമായതെന്ന് അമല പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് ഈ സിനിമയുടെ ഡബ്ബിങ്ങ് പാച്ച് വര്‍ക്ക് ഉണ്ടായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അത്. ‘ഇക്ക’ എന്ന് പറയണം. അതാണ് എന്റെ ഡയലോഗ്. അത് 12 ടേക്ക് എടുക്കേണ്ടി വന്നു. 12 വേരിയോഷന്‍ വേണമെന്നാണ് ബ്ലെസി സാര്‍ പറഞ്ഞത്. ഇക്ക എന്ന ഡയലോഗ് പല ഇമോഷനില്‍ പറയണം. കരായാതെ പറയണം, കരയാതെ കരഞ്ഞുകൊണ്ട് പറയണം, വിതുമ്പിക്കൊണ്ട് പറയണം, അങ്ങനെ പല വേരിയേഷനില്‍ പറയിപ്പിച്ചു.
മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റല്ല, പ്ലസ് പ്ലസ് പ്ലസ് പെര്‍ഫക്ഷനിസ്റ്റെന്ന് വിളിക്കണം. ആ 12 ടേക്ക് എടുത്ത് കഴിഞ്ഞപ്പോഴേക്ക എനിക്ക് ആങ്‌സൈറ്റി കൂടി ഞാന്‍ പുറത്ത് ഗാര്‍ഡനില്‍ പോയിരുന്ന് ശ്വാസമെടുത്തു. ചീഫ് എ.ഡി റോബിന്‍ വന്ന് എന്നോട് ഓക്കെയാണോ എന്ന് ചോദിച്ചു. ഞാന്‍ ഓക്കെയാണെന്ന് പറഞ്ഞു. അതുകഴിഞ്ഞ് പൃഥ്വിക്ക് ഇനി വല്ല പാച്ച് വര്‍ക്ക് വല്ലതും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍, പൃഥ്വിക്കാണ് കൂടുതല്‍ എന്ന് റോബിന്‍ പറഞ്ഞു. അത് കേട്ടപ്പോഴാണ് എന്റെ ആങ്‌സൈറ്റി മുഴുവന്‍ മാറിയത്,’ അമല പോള്‍ പറഞ്ഞു.
Content Highlight: Amala Paul shares the dubbing experience of Aadujeevitham