തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് അമല പോൾ. വിവിധ ഭാഷകളിൽ വ്യത്യസ്ത സിനിമകളുടെ ഭാഗമായിട്ടുള്ള അമലയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ബ്ലെസി ചലച്ചിത്രമായി ഒരുക്കുമ്പോൾ നജീബായി വേഷമിടുന്നത് പൃഥ്വിരാജാണ്. സൈനുവായി അഭിനയിക്കുന്നത് അമല പോളാണ്.
ത്രില്ലർ, ഡാർക്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് ഇനി താത്പര്യമില്ലെന്നാണ് അമല പറയുന്നത്. ഇന്ത്യൻ പ്രണയകഥ പോലെ കോമഡി, ഫീൽഗുഡ് ചിത്രങ്ങൾ ചെയ്യാനാണ് തനിക്ക് ഇനി ആഗ്രഹമെന്നും അമല പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അമല പോൾ.
‘ഇനി ത്രില്ലർ സിനിമകളും, ഡാർക്ക് കഥാപാത്രങ്ങളും ചെയ്യാൻ എനിക്ക് താത്പര്യമില്ല. കാരണം എനിക്ക് തോന്നുന്നത്, രാക്ഷസൻ, ആടൈ, അങ്ങനെ ബാക്ക് ടു ബാക്ക് ത്രില്ലർ ഞാൻ ചെയ്തത് വലിയ വിജയമായല്ലോ. അതുപോലെ നല്ല ബോൾഡായ വെല്ലുവിളികൾ നിറഞ്ഞ നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്തത് കൊണ്ട് അതിന് ശേഷം എനിക്ക് വരുന്ന സ്ക്രിപ്റ്റ് എല്ലാം അങ്ങനെയുള്ളതാണ്.
വലിയ ദുഃഖത്തിലൂടെയും ഡാർക്കിലൂടെയും കടന്ന് പോവുന്ന കഥാപാത്രങ്ങളാണ് എനിക്ക് പിന്നീട് വരാൻ തുടങ്ങിയത്. എന്റെ കൂട്ടുകാരും പറയാൻ തുടങ്ങി, നിന്നിൽ നിന്ന് ഓപോസിറ്റായിട്ടുള്ള വേഷങ്ങളാണ് നീ ചെയ്യുന്നതെന്ന്. അത് നമ്മുടെ വ്യക്തി ജീവിതത്തിലും ഒരു സ്പേസ് ഉണ്ടാക്കും. എന്റെ ബ്രെയിനിന് അറിയില്ലല്ലോ ഞാൻ അഭിനയിക്കുകയാണെന്ന്. ഞാൻ തുടർച്ചയായി ആ ഇമോഷനിലൂടെ കടന്നു പോവുമ്പോൾ മൈൻഡും അങ്ങനെ സെറ്റ് ആവുമല്ലോ.
അതിൽ നിന്ന് ബോധപൂർവ്വം ഞാനൊരു തീരുമാനം എടുത്തതാണ് ഇനി അങ്ങനെയുള്ള സിനിമകൾ ചെയ്യേണ്ടെന്ന്. വയാറ ഫിലിംസിന്റെ ഒരു മികച്ച സീരീസിൽ നിന്ന് എനിക്ക് ഓഫർ വന്നിരുന്നു. പക്ഷെ അതും ഒരു ഡാർക്ക് കഥാപാത്രമായിരുന്നു. ഞാൻ ഒരുപാട് വേദനയോടെയാണ് അതിനോട് നോ പറഞ്ഞത്. കാരണം ആ രീതിയിലല്ല ഞാൻ പോവാൻ ആഗ്രഹിക്കുന്നത്.
പ്രേക്ഷകരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിട്ടുള്ളത്, ഇന്ത്യൻ പ്രണയ കഥ പോലെയുള്ള സിനിമകളാണ്.
പലരും എന്നോട് ചോദിക്കാറുണ്ട്, എന്താണ് അങ്ങനെയുള്ള സിനിമകൾ ചെയ്യാത്തതെന്ന്. എനിക്കും ആഗ്രഹമുണ്ട്, കോമഡി, ഹാപ്പി, ലവ് സ്റ്റോറി സിനിമകളൊക്കെ ചെയ്യണമെന്ന്,’അമല പോൾ പറയുന്നു.
Content Highlight: Amala Paul Says That She Want To Do Feel Good Movies