ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തയാളാണ് അമലപോള്‍. താരം കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം കഡാവര്‍ റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് അമല.
കഡാവറില്‍ പൊലീസ് ഫോറന്‍സിക്ക് സര്‍ജനായ ഭദ്ര എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ഈ കഥാപാത്രത്തെ കുറിച്ച് പഠിക്കാനും കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുവാനും വേണ്ടി മോര്‍ച്ചറിയില്‍ പോകേണ്ടി വന്നെന്നും ആ അനുഭവങ്ങള്‍ തന്നെ മാറ്റി മറിച്ചു എന്നുമാണ് അമല പോള്‍ പറയുന്നത്.
‘കഥാപാത്രത്തെ കുറിച്ച് പഠിക്കാന്‍ മോര്‍ച്ചറിയില്‍ പോകാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലായിരുന്നു. കാരണം, ടീച്ചര്‍, ഡോക്ടര്‍, കാമുകി, ഭാര്യ തുടങ്ങിയ കഥാപാത്രങ്ങളെയെല്ലാം നമുക്ക് നിത്യജീവിതത്തില്‍ കണ്ടുപരിചയമുള്ളതിനാല്‍ പഠിക്കാന്‍ എളുപ്പമാണ്.
എന്നാല്‍ കഡാവറിലെ ഭദ്ര മറ്റു കഥാപാത്രങ്ങളെ പോലെയല്ല, എനിക്ക് ഒട്ടും പരിചയമില്ലാത്ത തരം കഥാപാത്രമാണ്. അതുകൊണ്ടുതന്നെ അവരുടെ ലൈഫും ദിനചര്യകളും പ്രവൃത്തികളുമെല്ലാം വ്യത്യാസപ്പെട്ടിരിക്കും. പോസ്റ്റ്മാര്‍ട്ടം ചെയ്യാനുള്ള അവരുടെ ധൈര്യം സമ്മതിക്കണം, അവരുടെ ജീവിതംതന്നെ ഡെഡ്ബോഡികളാല്‍ ചുറ്റപ്പെട്ടതാണ്,’ അമല പറയുന്നു.
മോര്‍ച്ചറിക്കുള്ളില്‍ കിടന്നുറങ്ങുന്ന സ്റ്റാഫുകള്‍ പോലും ഉണ്ടെന്നും , അത് അവരുടെ ലൈഫ് ആണ് കാണിക്കുന്നത് എന്നും അമല കൂട്ടിച്ചേര്‍ത്തു.
അവരെ കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ തനിക്ക് അവസ്ഥയിലൂടെ കടന്നുപോകേണ്ടത് അനിവാര്യമായിരുന്നുവെന്നും. അത്കൊണ്ടുതന്നെ ആ അനുഭവം തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതും പ്രചോദനം നല്‍കുന്ന ഒന്നുമായിരുന്നുവെന്നാണ് അമല പറഞ്ഞത്.
നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മോര്‍ച്ചറിയില്‍ ബോഡിയുടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്ന അമല പോളിന്റെ ചിത്രം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതുമാണ്.
കഡാവര്‍ നിര്‍മിക്കുന്നതും അമല തന്നെയാണ്. ആദ്യമായി സിനിമാ നിര്‍മാണരംഗത്തേക്ക് വരുന്നതുകൊണ്ടുതന്നെ ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നുമുണ്ടായിരുന്നില്ലെന്നും, ഈ രംഗത്തേക്കുള്ള കടന്നുവരവ് ഒരു വിധി പോലെ ആയിരുന്നെന്നുമാണ് അതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അമല പറഞ്ഞത്.
Content Highlight : Amala paul open up about issues faced during the shoot of Cadaver