| Thursday, 22nd December 2022, 11:43 pm

അയാള്‍ എന്നോട് ക്ഷമ ചോദിച്ചു, മാപ്പ് കൊടുത്താലേ മോക്ഷം കിട്ടുകയുള്ളൂവെന്ന് കത്തില്‍ എഴുതി തന്നു: അമല പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫ്‌ളൈറ്റില്‍ വെച്ച് സഹയാത്രീകനില്‍ നിന്നും ഉണ്ടായ അനുഭവത്തെ പറ്റി പറയുകയാണ് അമല പോള്‍. കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെക്കുറിച്ചുള്ള റൂമര്‍ പരത്തിയതിന് പേപ്പറില്‍ ഒരാള്‍ മാപ്പ് എഴുതി തന്ന അനുഭവമാണ് അമല പോള്‍ പങ്കുവെച്ചത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് അമല അനുഭവം തുറന്നുപറഞ്ഞത്.

‘ഞാന്‍ ഫ്‌ളൈറ്റില്‍ വന്നപ്പോള്‍ പത്തുമുപ്പത് വയസുള്ള ആള്‍ എന്റെ അടുത്തേക്ക് വന്നു. അമല പോളല്ലേ എന്ന് ചോദിച്ചു. അതുകേട്ട് ഞാനൊന്ന് ഞെട്ടി. അപ്പോള്‍ അദ്ദേഹം എനിക്കൊരു പേപ്പര്‍ തന്നു. ആര്‍ യു അമല പോള്‍ എന്നാണ് ഈ പേപ്പറില്‍ എഴുതിയിരുന്നത്. അതേയെന്ന് പറഞ്ഞപ്പോള്‍ ഇത് വായിക്കണം, പേഴ്‌സണലാണെന്ന് പറഞ്ഞ് ഒരു പേപ്പര്‍ കയ്യില്‍ തന്നു.

പുള്ളിക്കാരന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എന്നെക്കുറിച്ചൊരു റൂമര്‍ കേട്ടിരുന്നു. അയാളും അത് പറഞ്ഞുപരത്തി, അതില്‍ ആള്‍ക്ക് വിഷമം ഉണ്ട്. ക്ഷമ ചോദിച്ചു. അദ്ദേഹത്തിന്റെ മതവിശ്വാസം പ്രകാരം ഞാന്‍ ക്ഷമിച്ചാലേ അദ്ദേഹത്തിന് മോക്ഷം കിട്ടുകയുള്ളൂ. അതുകൊണ്ട് മാപ്പ് തരൂ എന്ന് പറഞ്ഞൊരു കത്തായിരുന്നു അത്. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം,’ അമല പറഞ്ഞു.

ടീച്ചറാണ് ഒടുവില്‍ തിയേറ്ററിലെത്തിയ അമല പോലിന്റെ ചിത്രം. ഡിസംബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്തത്. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി. പൃഥ്വിരാജ് എന്നിവരും വി.ടി.വി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വിവേകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി.വി. ഷാജി കുമാറും വിവേകും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight: Amala Paul is talking about the experience she had from a fellow passenger on a flight

We use cookies to give you the best possible experience. Learn more