| Saturday, 3rd October 2020, 10:11 am

ജാതിവ്യവസ്ഥയോ യോഗി ആദിത്യനാഥോ അല്ല അവളുടെ കൊലയ്ക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്; വിവാദമായി അമല പോളിന്റെ പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഉത്തര്‍പ്രദേശിലെ ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നടി അമലാ പോളിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വിവാദത്തില്‍.

യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെയും പൊലീസിനെയും ന്യായീകരിച്ച് കൊണ്ടാണ് അമലയുടെ പോസ്റ്റെന്നാണ് ഉയരുന്ന ആരോപണം. യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്, എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ യോഗി അദിത്യനാഥിനെതിരെയും പൊലീസിനെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് താരത്തിന്റെ പോസ്റ്റ്.  മറ്റൊരാളുടെ പോസ്റ്റ് അമല ഷെയര്‍ ചെയ്യുകയായിരുന്നെന്നും,  അമല പറഞ്ഞത്  വളച്ചൊടിക്കുകയാണെന്നും   താരത്തിന്റെ ആരാധകര്‍ പറയുന്നത്.

എന്നാല്‍ കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയ സമയത്ത് അടക്കം  സംഘപരിവാര്‍ അനൂകുലമായ പോസ്റ്റുകള്‍ അമല ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ഇത് യോഗിയെയും പൊലീസിനെയും ന്യായീകരിക്കുന്ന സംഘപരിവാര്‍ ക്യാംപുകളോടുള്ള അമലയുടെ വിധേയത്വമാണ് കാണിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ പറയുന്നത്.

അതേസമയം ഹാത്രാസ് സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഏറെ വൈകി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി പൊലീസ് സംസ്‌കരിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മ്മത്തിനുള്ള അവസരം പോലും നല്‍കാതെ മൃതദേഹം സംസ്‌കരിച്ച പൊലീസിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌കരിക്കുകയായിരുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് യു.പി പൊലീസ് ഡി.ജി.പി പ്രശാന്ത് കുമാര്‍ രംഗത്തെത്തിയിരുന്നു. ഹാത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തുള്‍പ്പെടെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് യു.പി സര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amala Paul Controversial post Hathras case

We use cookies to give you the best possible experience. Learn more